കാബൂള്‍: താലിബാനുമായി യുദ്ധത്തിലേര്‍പ്പെട്ടിരുന്ന വടക്കല്‍ സഖ്യത്തിന്റെ നിയന്ത്രണത്തിനായിരുന്ന പഞ്ച്ഷിര്‍ പ്രവിശ്യയും പിടിച്ചടക്കിയതായി താലിബാന്‍
അഫ്ഗാന്റെ പരമാധികാരം പിടിച്ചടക്കിയ ശേഷവും താലിബാനെ അംഗീകരിക്കാതെ പഞ്ച്ഷിര്‍, താലിബാനുമായി നിരന്തരയുദ്ധത്തില്‍ ഏര്‍പ്പെട്ടു വരികയായിരുന്നു. ഇതിനിടയിലാണ് പഞ്ച്ഷിറും തങ്ങളുടെ നിയന്ത്രണത്തിലായെന്ന അവകാശവാദവുമായി താലിബാന്‍ എത്തിയിരിക്കുന്നത്.
പഞ്ച്ഷിര്‍ കീഴടക്കിയെന്ന് താലിബാന്‍ വക്താവ് പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന് മുന്നില്‍ കീഴടങ്ങാന്‍ വിസ്സമ്മതിച്ച അവസാന പ്രവിശ്യയായ പഞ്ച്ഷിറും പിടിച്ചടക്കുന്നതോടെ അഫ്ഗാന്‍ പൂര്‍ണമായും താലിബാന്റെ വരുതിയിലാവും.
താലിബാനെതിരായ പോരാട്ടത്തില്‍ സഖ്യസേനയിലെ പ്രധാന നേതാക്കളിലൊരാളായ ചീഫ് കമാന്‍ഡര്‍ സലേഹ് മുഹമ്മദിനെ തങ്ങള്‍ വധിച്ചതായും താലിബാന്‍ അവകാശപ്പെടുന്നുണ്ട്.
പഞ്ച്ഷിറിനെ നയിച്ച വടക്കന്‍ സഖ്യനേതാക്കള്‍ താജിക്കിസ്ഥാനിലേക്ക് കടന്നതായാണ് സൂചന. താലിബാനുമായി ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സഖ്യനേതാക്കള്‍ അറിയിച്ചിട്ടുണ്ടെങ്കിലും ഈ ആവശ്യം താലിബാന്‍ തള്ളിയതായാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ച്ഷിറില്‍ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പ്രവിശ്യയിലെ എല്ലാ ജില്ലകളും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടിരുന്നു. പ്രവിശ്യയുടെ തലസ്ഥാനത്ത് മാത്രമാണ് ഇരുവിഭാഗവും ഏറ്റുമുട്ടല്‍ തുടരുന്നത് എന്ന വാര്‍ത്തകളും ഞായറാഴ്ച മുതല്‍ പുറത്തു വന്നിരുന്നു.
എന്നാല്‍ ഇപ്പോള്‍ പഞ്ച്ഷിറിന്റെ തലസ്ഥാനവും പിടിച്ചടക്കിയെന്നും അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലാണെന്നുമാണ് താലിബാന്‍ അവകാശവാദം ഉന്നയിക്കുന്നത്.
അഹ്മദ് ഷാ മസൂദ്, അമറുള്ള സലേഹ്, അമീര്‍ അക്മല്‍ തുടങ്ങിയ നേതാക്കളും പ്രാദേശിക പട്ടാളക്കാരും അഫ്ഗാന്‍ പ്രതിരോധസേനയിലെ അംഗങ്ങളുമടക്കം ഏകദേശം 9000 പേരാണ് പഞ്ച്ഷിറില്‍ താലിബാനോട് യുദ്ധം ചെയ്തുകൊണ്ടിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Taliban Claims they Conquered Panjshir