കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയിലെ ഡ്രോണാക്രമണത്തിലൂടെ വധിച്ച യു.എസിന്റെ നടപടി അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്.
അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വെച്ച് നടത്തിയ ആക്രമണം താലിബാനും യു.എസും തമ്മില്‍ 2020ല്‍ ഒപ്പുവെച്ച ‘ദോഹ കരാറി’ന്റെ ലംഘനമാണെന്നും ഇത് അഫ്ഗാനില്‍ വീണ്ടും സാഹചര്യങ്ങള്‍ വഷളാകുന്നതിലേക്ക് നയിക്കുമെന്നും ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.
താലിബാന്‍ വക്താവ് പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയിലും ദോഹ കരാറിന്റെ കാര്യം പരാമര്‍ശിച്ചിരുന്നു.
എന്നാല്‍ അല്‍ ഖ്വയിദ തലവന് കാബൂളില്‍ അഭയം നല്‍കിക്കൊണ്ട് താലിബാന്‍ സര്‍ക്കാരും കരാര്‍ ലംഘനം നടത്തിയിട്ടുണ്ട് എന്ന വിലയിരുത്തലുകളും പുറത്തുവന്നിരുന്നു. താലിബാന്‍ അറിയാതെ യു.എസിന് കാബൂളില്‍ ആക്രമണം നടത്താനാകുമോ എന്ന സംശയങ്ങളും ഉയര്‍ന്നിരുന്നു.
അയ്മന്‍ അല്‍ സവാഹിരി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച താലിബാന്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി. അല്‍ സവാഹിരി കാബൂളില്‍ ഉണ്ടായിരുന്നു എന്ന കാര്യത്തെക്കുറിച്ച് താലിബാന് ഒരു സൂചനയും ലഭിച്ചിരുന്നില്ലെന്നും താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
”താലിബാന്‍ സര്‍ക്കാര്‍ അറിഞ്ഞുകൊണ്ടാണ്, അവരുടെ സഹായത്തോടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയതെന്ന അവകാശവാദം ഉന്നയിക്കുന്നതിനെക്കുറിച്ച് സര്‍ക്കാരിനോ നേതൃത്വത്തിനോ അറിവില്ല, അതിനെക്കുറിച്ച് ഒരു സൂചനയും ലഭിച്ചിരുന്നില്ല.
അത്തരം അവകാശവാദങ്ങളുടെ ആധികാരികത കണ്ടെത്താന്‍ ഇപ്പോള്‍ അന്വേഷണം നടക്കുകയാണ്. ഇക്കാര്യത്തില്‍ താലിബാന്‍ നേതൃത്വം നിരന്തരം യോഗം ചേരുന്നുണ്ട്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ എല്ലാവരുമായും പങ്കുവെക്കും,” ഖത്തറിലെ ദോഹയിലുള്ള താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസ് മേധാവിയായ സുഹൈല്‍ ഷഹീന്‍ കൂട്ടിച്ചേര്‍ത്തു.
താലിബാന്റെ മുതിര്‍ന്ന നേതാവും സര്‍ക്കാരിലെ ആഭ്യന്തര മന്ത്രിയുമായ സിറാജുദ്ദീന്‍ ഹഖാനിയുമായി ഏറ്റവും അടുത്ത ബന്ധമുണ്ടായിരുന്നയാളുടെ കാബൂളിലെ വീട്ടിലാണ് അല്‍ സവാഹിരി കഴിഞ്ഞിരുന്നതെന്ന് യു.എസ് അധികൃതര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ദോഹ കാരാര്‍ പ്രകാരം അല്‍ ഖ്വയിദയുടെയോ യു.എസിനെ ആക്രമിക്കാന്‍ സാധ്യതയുള്ള മറ്റ് സംഘടനകളുടെയോ ആളുകളെ അഫ്ഗാനില്‍ പ്രവേശിപ്പിക്കില്ല എന്ന് താലിബാന്‍ ഉറപ്പ് നല്‍കിയിരുന്നു.
ഇക്കഴിഞ്ഞ ശനിയാഴ്ച നടത്തിയ ഡ്രോണാക്രമണത്തില്‍ സവാഹിരിയെ വധിച്ച വിവരം തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയായിരുന്നു പുറത്തുവിട്ടത്. ‘നീതി നടപ്പാക്കപ്പെട്ടു’ (Justice has been delivered) എന്നായിരുന്നു അല്‍ ഖ്വയിദ തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജോ ബൈഡന്‍ നടത്തിയ പ്രതികരണം.
മാസങ്ങളായി ഈ ആക്രമണത്തിന് വേണ്ടി യു.എസ് പദ്ധതിയിടുകയും തയാറെടുപ്പുകള്‍ നടത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഡ്രോണാക്രമണം നടക്കുന്ന സമയത്ത് കാബൂളിലെ ഒരു വീട്ടില്‍ തന്റെ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു അയ്മന്‍ അല്‍ സവാഹിരി. 71കാരനായ സവാഹിരി ഈജിപ്ഷ്യന്‍ പൗരനായിരുന്നു.
അതേസമയം യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് അല്‍ സവാഹിരിയെ വധിച്ചതെന്നതും യു.എസിന്റെ അന്താരാഷ്ട്ര ഇടപെടലുകളെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു.
Content Highlight: Taliban claim they were unaware that al-Qaeda leader Ayman al-Zawahiri was in Afghanistan