കാബൂള്‍: മരിച്ചെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നിടെ താലിബാന്റെ പരമോന്നത നേതാവ് ഹിബാത്തുള്ള അഖുന്ദ്‌സാദ കാണ്ഡഹാറില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍.
ആഗസ്റ്റ് മാസത്തില്‍ താലിബാന്‍ അഫ്ഗാന്റെ അധികാരം പിടിച്ചടക്കിയതിന് ശേഷം അഖുന്ദ്‌സാദയെ ഇതുവരെ പൊതുവേദികളില്‍ കണ്ടിരുന്നില്ല. ഇക്കാരണത്താലാണ് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചത്.
അഖുന്ദ്‌സാദ കാണ്ഡഹാറിലെ ദാറുല്‍ അലൂം ഹക്കീമിയ എന്ന മതപാഠശാല സന്ദര്‍ശിക്കാനെത്തിയതാണെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന താലിബാന്‍ നേതാവ് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു.
അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങിയതോടെ, താലിബാന്റെ ആത്മീയ-സൈനിക-രാഷ്ട്രീയ കാര്യങ്ങളുടെ തലവന്‍ എന്ന സ്ഥാനം അഖുന്ദ്‌സാദ നിലനിര്‍ത്തുകയായിരുന്നു. 2016 മുതല്‍ താലിബാന്റെ തലവന്‍ അദ്ദേഹം തന്നെയായിരുന്നു.
ഇതിന് മുന്‍പും അഖുന്ദ്‌സാദ പരസ്യപ്പെടുത്താത്ത പല പൊതുപരിപാടികളിലും പങ്കെടുത്തിട്ടുണ്ടായിരുന്നുവെന്നാണ് ചില ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹത്തില്‍ നിന്നും വളരെകാലമായി അദ്ദേഹം വിട്ടു നിന്നിരുന്നുവെന്നും അവര്‍ സൂചിപ്പിക്കുന്നു.
പൊതു ഇടങ്ങളില്‍ നിന്നുമുള്ള ഒഴിഞ്ഞുമാറല്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും, മരണത്തെക്കുറിച്ചുമുള്ള നിരന്തരമായ ഊഹാപോഹങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
2016ല്‍ താലിബാന്‍ ട്വിറ്ററില്‍ പേജിലൂടെ പുറത്ത് വിട്ട ഒരു ഫോട്ടോ മാത്രമാണ് റോയ്‌ട്ടേഴ്‌സ് അഖുന്ദ്‌സാദയുടേതായി സ്ഥിരീകരിച്ചിട്ടുള്ളത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ