കാബൂള്‍: 2021ല്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ആദ്യമായി താലിബാന്‍ പരസ്യമായി വധശിക്ഷ നടപ്പിലാക്കിയതായി റിപ്പോര്‍ട്ട്.
കൊലപാതകക്കേസിലെ പ്രതിയെയാണ് അധികാരികള്‍ കഴിഞ്ഞ ദിവസം പരസ്യമായി തൂക്കിലേറ്റിയതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിലെ ഫറാഹ് (Farah) പ്രവിശ്യയിലായിരുന്നു സംഭവം.
താലിബാന്‍ ഗ്രൂപ്പ് കഴിഞ്ഞവര്‍ഷം അധികാരത്തില്‍ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യത്തെ പരസ്യ വധശിക്ഷയാണ് ഇതെന്നാണ് സര്‍ക്കാര്‍ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞത്. താലിബാന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറുകണക്കിന് പേര്‍ വധശിക്ഷ നടപ്പാക്കിയ സ്ഥലത്ത് ഒത്തുകൂടിയിരുന്നെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
2021 ഓഗസ്റ്റില്‍ ഭരണത്തിലേറിയതിനുശേഷം നടപ്പിലാക്കിയ കടുത്ത നയങ്ങള്‍ തുടരാനും ഇസ്‌ലാമിക നിയമം അഥവാ ശരീഅത്തിന്റെ വ്യാഖ്യാനത്തില്‍ ഉറച്ചുനില്‍ക്കാനുമുള്ള താലിബാന്‍ ഭരണാധികാരികളുടെ ഉദ്ദേശ്യങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഡിസംബര്‍ ഏഴിലെ പ്രഖ്യാപനം.
ഇസ്‌ലാമിക നിയമത്തിന്റെ വിവിധ വശങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കണമെന്ന് താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദ (Haibatullah Akhunzada) കഴിഞ്ഞ മാസം അഫ്ഗാനിലെ ജഡ്ജിമാരോട് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പരസ്യമായി വധശിക്ഷ നടപ്പാക്കിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നത്.
2021 ഓഗസ്റ്റിലായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെയായിരുന്നു ഇത്.
ഭരണം കയ്യടക്കിയതിന് പിന്നാലെ വലിയ രീതിയിലുള്ള നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവകാശ നിഷേധങ്ങളുമാണ് താലിബാന്‍ സര്‍ക്കാരിന് കീഴില്‍ അവിടത്തെ ജനങ്ങള്‍ അനുഭവിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസ- യാത്രാ- ജോലി സ്വാതന്ത്ര്യങ്ങള്‍ക്ക് മേലും മാധ്യമ സ്വാതന്ത്ര്യത്തിന് മേലും വലിയ നിയന്ത്രണങ്ങളായിരുന്നു ഭരണകൂടം കൊണ്ടുവന്നത്.
സ്ത്രീകളടക്കമുള്ളവര്‍ ഇതിനെതിരെ പ്രതിഷേധസമരങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇവരെ താലിബാന്‍ സൈന്യം അടിച്ചമര്‍ത്തുന്നതിന്റെ ദൃശ്യങ്ങളും റിപ്പോര്‍ട്ടുകളുമടക്കം പുറത്തുവരികയും ചെയ്തിരുന്നു.
Content Highlight: Taliban carries out first public execution since its Afghanistan takeover in last year