കാബൂള്‍: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാനമായ മൂന്ന് പ്രവിശ്യകളും പിടിച്ചെടുത്ത് താലിബാന്‍. ശക്തമായ ആക്രമണത്തിലൂടെ കുന്ദൂസ് നഗരമാണ് ഏറ്റവും ഒടുവിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ അഫ്ഗാനിലെ മൂന്ന് പ്രവിശ്യകളാണ് താലിബാന്‍ ഭീകരര്‍ കീഴടക്കിയത്. കുന്ദൂസ് നഗരത്തിലെ പൊലീസ് ആസ്ഥാനവും ജയിലും ഇപ്പോള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് താലിബാന്‍ നേതാക്കള്‍ പറഞ്ഞു.
സാരഞ്ച് മേഖലയിലെ നിമ്രൂസ്, ജോവ്‌സ്ജാന്‍ പ്രവിശ്യകളാണ് കഴിഞ്ഞ ദിവസങ്ങളിലായി താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിലാണ് സാരഞ്ച് നഗരം താലിബാന്‍ പൂര്‍ണ്ണമായി കൈയ്യടക്കിയത്. ഹെല്‍മന്ത് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്റെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാരഞ്ച് കീഴടക്കിയത് തങ്ങള്‍ ആഘോഷിക്കുകയാണെന്നാണ് താലിബാന്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞത്. ഇറാനുമായി അതിര്‍ത്തി പങ്കുവെയ്ക്കുന്ന തന്ത്രപ്രധാനമായ നഗരമാണ് സാരഞ്ച് എന്നും ഇതൊരു തുടക്കം മാത്രമാണെന്നും രാജ്യത്തെ എല്ലാ പ്രവിശ്യകളും ഉടന്‍ തങ്ങളുടെ നിയന്ത്രണത്തിലാകുമെന്നും താലിബാന്‍ നേതാക്കള്‍ പറയുന്നു.
കഴിഞ്ഞ ദിവസം നടന്ന താലിബാന്‍ ആക്രമണത്തില്‍ അഫ്ഗാന്‍ സര്‍ക്കാരിന്റെ മാധ്യമ വിഭാഗം തലവന്‍ ദവാ ഖാന്‍ മിന്‍പാല്‍ കൊല്ലപ്പെട്ടതും ആശങ്ക വര്‍ധിപ്പിക്കുകയാണ്. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയുടെ വക്താവ് കൂടിയാണ് ദവാ ഖാന്‍.
വ്യാഴാഴ്ച അഫ്ഗാന്‍ തലസ്ഥാനത്തെ അതിസുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലും താലിബാന്‍ ആക്രമണം നടത്തിയിരുന്നു. അഫ്ഗാന്‍ പ്രതിരോധ മന്ത്രി ബിസ്മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയായിരുന്നു താലിബാന്റെ കാര്‍ബോംബ് ആക്രമണം.
ആക്രമണത്തില്‍ നിന്ന് മന്ത്രിയുടെ കുടുംബാംഗങ്ങള്‍ അത്ഭുതകരമായി രക്ഷപെട്ടു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല.
കാബൂളിലെ അതിസുരക്ഷാ മേഖലയില്‍ നടന്ന ആക്രമണത്തെ ഗൗരവത്തോടെയാണ് അഫ്ഗാന്‍ സുരക്ഷാ വിഭാഗം കാണുന്നത്. മന്ത്രിയുടെ വസതിക്ക് സമീപം കാര്‍ബോംബ് സ്‌ഫോടനം നടത്തിയ ശേഷം നാല് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും ചെയ്തു. ഇവരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.
സംഭവത്തില്‍ നാല് സുരക്ഷാഭടന്‍മാര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ആക്രമണത്തെ അപലപിച്ച യു.എസ് ഇത്തരം പ്രവൃത്തികള്‍ താലിബാന്റെ മുഖമുദ്രയാണെന്ന് ആരോപിച്ചു. ആക്രമണത്തിനു ശേഷം കാബൂള്‍ ജനത തെരുവിലിറങ്ങി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.