| Tuesday, 26th July 2022, 4:25 pm

ഹിന്ദുക്കളേ സിഖുകാരേ തിരിച്ചുവരൂ: മതന്യൂനപക്ഷങ്ങളോട് അഫ്ഗാനിസ്ഥാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ഹിന്ദുക്കളും, സിഖുകാരും ഉള്‍പ്പെടെ രാജ്യത്തെ ന്യൂനപക്ഷങ്ങളോട് തിരികെ വരാന്‍ഡ ആവശ്യപ്പെട്ട് താലിബാന്‍. രാജ്യത്തെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായും താലിബാല്‍ അവകാശപ്പെട്ടു.

ചീഫ് ഓഫ് സ്റ്റേറ്റ് ഓഫീസ് ആണ് ഇത് സംബന്ധിച്ച ട്വീറ്റ് പങ്കുവെച്ചത്. താലിബാന്‍ സ്റ്റേറ്റ് മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഡോ. മുല്ല അബ്ദുള്‍ വാസി ജൂലൈ 24ന് അഫ്ഗാനിസ്ഥാനിലെ ഹിന്ദു, സിഖ് കൗണ്‍സില്‍ അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണിത്.

കാബൂളില്‍ ഹിന്ദു, സിഖ് നേതാക്കളുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയ വാസി സുരക്ഷാ പ്രശ്നങ്ങള്‍ കാരണം രാജ്യം വിട്ട എല്ലാ ഇന്ത്യക്കാര്‍ക്കും സിഖുകാര്‍ക്കും രാജ്യത്തേക്ക് മടങ്ങിയെത്താമെന്നും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും പറഞ്ഞു.

ജൂണ്‍ 18ന് കാബൂളിലെ ഗുരുദ്വാരയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രൊവിന്‍സ് (ഐ.എസ്.കെ.പി) നടത്തിയ ആക്രമണത്തില്‍ സിഖുകാരുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

ആക്രമണകാരികള്‍ ഗുരുദ്വാരയില്‍ പ്രവേശിക്കുമ്പോള്‍ മുപ്പതോളം ആളുകള്‍ ഗുരുദ്വാര സമുച്ചയത്തിനുള്ളില്‍ പ്രഭാത പ്രാര്‍ത്ഥനയ്ക്കായി ഉണ്ടായിരുന്നു. ഗുരുദ്വാരയുടെ കാവല്‍ക്കാരന്‍ അഹ്മദ് എന്നയാളെ അക്രമികള്‍ കൊലപ്പെടുത്തിയിരുന്നു.

അഫ്ഗാനിസ്ഥാനിലെ സിഖ് സമുദായം ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് വിവിധ അക്രമണങ്ങളില്‍ ഇരയായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇരുപതോളം ഭീകരര്‍ കാബൂളിലെ കാര്‍ട്ട്-ഇ-പര്‍വാന്‍ ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ പ്രവേശിച്ച് കാവല്‍ക്കാരെ കെട്ടിയിട്ടിരുന്നു.

2020 മാര്‍ച്ചില്‍, കാബൂളിലെ ഷോര്‍ട്ട് ബസാര്‍ ഏരിയയിലെ ശ്രീ ഗുരു ഹര്‍ റായ് സാഹിബ് ഗുരുദ്വാരയില്‍ ആക്രമണം നടക്കുകയും പിന്നീട് അതിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ 27 സിഖുകാര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: Taliban calls back hindus and sikhs who left the counrty, says they have ensured security in the country

We use cookies to give you the best possible experience. Learn more