കാബൂള്‍: കലാകാരന്റെ മുന്നില്‍ വെച്ച് അയാളുടെ സംഗീതോപകരണത്തിന് തീയിട്ട് താലിബാന്‍. അഫ്ഗാനിലെ പക്ഷ്യ പ്രവിശ്യയിലായിരുന്നു സംഭവം.
സംഭവത്തിന്റെ വീഡിയോ അഫ്ഗാനി മാധ്യമപ്രവര്‍ത്തകനായ അബ്ദുല്‍ഹഖ് ഒമേരി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ദൃശ്യത്തില്‍ തന്റെ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് മ്യുസിഷന്‍ കരയുന്നതും തോക്കേന്തിയ ഒരാള്‍ ഇയാളെ നോക്കി ചിരിക്കുന്നതും വ്യക്തമാണ്. ചിരിച്ചുകൊണ്ട് മറ്റൊരാള്‍ ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
”ഈ കലാകാരന്‍ കരയുമ്പോഴും താലിബാന്‍ അയാളുടെ സംഗീതോപകരണം കത്തിക്കുകയാണ്.
സസയ് അരൂബ് ജില്ലയിലെ പക്ഷ്യ പ്രവിശ്യയിലാണ് സംഭവം,” ഒമേരി ട്വീറ്റില്‍ പറയുന്നു.
നേരത്തെ തന്നെ സംഗീതപരിപാടികള്‍ക്ക് മേല്‍ താലിബാന്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന് പുറമെ മിനിസ്ട്രി ഓഫ് പീസ്, മിനിസ്ട്രി ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സ്, സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സ് എന്നിവയും താലിബാന്‍ സര്‍ക്കാര്‍ ഈയാഴ്ച പിരിച്ചുവിട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കിയിരുന്നു.
മിനിസ്ട്രി ഓഫ് വിമന്‍ അഫയേഴ്‌സിന് പകരമായാണ് മിനിസ്ട്രി ഫോര്‍ ദ പ്രമോഷന്‍ ഓഫ് വിര്‍ച്യു ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വകുപ്പ് സ്ഥാപിച്ചത്.
അഫ്ഗാനിലെ രണ്ടാം താലിബാന്‍ സര്‍ക്കാരില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മേലും കടുത്ത നിയന്ത്രണങ്ങളാണുള്ളത്.
സ്ത്രീകള്‍ അഭിനയിക്കുന്ന സീരിസുകളും മറ്റ് പരിപാടികളും അഫ്ഗാനിലെ ചാനലുകളില്‍ സംപ്രേഷണം ചെയ്യരുതെന്ന് കുറച്ച് മുമ്പ് താലിബാന്‍ പറഞ്ഞിരുന്നു. വനിതാ മാധ്യമപ്രവര്‍ത്തകരോട് ടി.വിയില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഹിജാബ് ധരിക്കണമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ചെറിയ ദൂരപരിധിക്കപ്പുറം യാത്ര ചെയ്യുന്ന സ്ത്രീകളെ ഏറ്റവും അടുത്ത ബന്ധുവായ പുരുഷന്‍ കൂടെയില്ലാത്ത പക്ഷം യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നും
ഹിജാബ് ധരിക്കുന്ന സ്ത്രീകളെ മാത്രം വാഹനത്തില്‍ കയറാന്‍ അനുവദിച്ചാല്‍ മതിയെന്നും താലിബാന്‍ ഉത്തരവിട്ടിരുന്നു.