അഫ്ഗാനിസ്ഥാന്‍: സ്ത്രീകളുടെ വിദ്യാഭ്യാസ നിഷേധത്തിനെതിരെ സംസാരിച്ച യൂണിവേഴ്സിറ്റി പ്രൊഫസറെ ക്രൂരമായി മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സ്ത്രീകളുടെ സര്‍വകലാശാല പ്രവേശനം തടഞ്ഞ താലിബാന്‍ നിലപാടിനെതിരെ ടി.വി പരിപാടിയില്‍ സംസാരിച്ചതിനായിരുന്നു ക്രൂരമായ നടപടി. കാബൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ ഇസ്മായില്‍ മാഷാലിനെയാണ് അറസ്റ്റ് ചെയ്തത്.
‘മാഷാലിനെ ഇസ്‌ലാമിക് എമിറേറ്റുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അദ്ദേഹമിപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല.’ ഇസ്മായില്‍ മാഷാലിന്റെ സഹായി ഫാഹിദ് അഹമ്മദ് ഫസ്ലി എ.എഫ്.പിയോട് പറഞ്ഞു.
താലിബാന്‍ വിലക്ക് തുടരുമ്പോഴും വിദ്യാര്‍ത്ഥിനികള്‍ക്ക് ഇസ്മായില്‍ പുസ്തകങ്ങള്‍ നല്‍കി സഹായിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഈ വാര്‍ത്ത നിഷേധിക്കാതെ താലിബാന്‍ ഭരണകൂടം രംഗത്തു വന്നു. ഇസ്മായില്‍ നിരന്തരമായി ഭരണകൂടത്തിനെതിരായുള്ള പ്രവര്‍ത്തികളാണ് ചെയ്യുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ വകുപ്പിന്റെ ഡയറക്ടര്‍ അബ്ദുല്‍ ഹക്ക് ഹമ്മദ് ട്വീറ്റ് ചെയ്തു.
നേരത്തെയും താലിബാന്റെ നിലപാടുകള്‍ക്കെതിരെ ഡിഗ്രീ സര്‍ട്ടിഫിക്കറ്റുകള്‍ കീറി കളഞ്ഞുക്കൊണ്ട് ഇദ്ദേഹം പ്രതിഷേധം അറിയിച്ചിരുന്നു.
സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കേണ്ടതില്ല എന്ന താലിബാന്‍ സര്‍ക്കാരിന്റെ വിവാദ ഉത്തരവില്‍ പ്രതിഷേധിച്ചാണ് ചാനല്‍ പരിപാടിക്കിടെ തന്റെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ കാബൂള്‍ യൂണിവേഴ്സിറ്റി പ്രൊഫസര്‍ കീറിയെറിഞ്ഞത്.
‘എന്റെ അമ്മക്കും സഹോദരിക്കും പഠിക്കാനാകാത്ത പക്ഷം അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ ഞാന്‍ അംഗീകരിക്കുന്നില്ല,’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു അധ്യാപകന്‍ ചാനലില്‍ ലൈവായി തന്റെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും കീറിയെറിഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അഫ്ഗാനിസ്ഥാനിലെ സര്‍വകലാശാലകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ചുകൊണ്ട് താലിബാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
ഇതിനെത്തുടര്‍ന്ന് താലിബാന്റെ സ്ത്രീ വിരുദ്ധനിലപാടിനെതിരെ രാജ്യത്തിനകത്തും പുറത്തും നിരവധി പ്രക്ഷോഭങ്ങളാണ് നടന്നത്.
ലിംഗഭേദം തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്നും സര്‍വകലാശാലകളില്‍ പഠിപ്പിക്കപ്പെടുന്ന ചില വിഷയങ്ങള്‍ ഇസ്ലാമിന്റെ തത്വങ്ങള്‍ ലംഘിക്കുന്നതാണെന്നും അതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നിലനില്‍ക്കുമെന്നുമാണ് പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നിഷേധിച്ച നടപടിയെ ന്യായീകരിച്ചുകൊണ്ട് അഫ്ഗാന്റെ ഉന്നത വിദ്യാഭ്യാസമന്ത്രി നിദ മുഹമ്മദ് നദിം (Nida Mohammad Nadim) പ്രതികരിച്ചത്.
അതിനിടെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി തുടരുമ്പോഴും താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുന്നതായ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.
അഫ്ഗാന്റെ ആരോഗ്യമന്ത്രി ഖലന്ദര്‍ ഇബാദ്, വിദേശകാര്യ സഹമന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ്, താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ എന്നീ നേതാക്കളുടെ പെണ്‍മക്കളാണ് ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലായി സ്‌കൂള്‍ പഠനം നടത്തുന്നത്.