കാബൂള്‍: അഫ്ഗാനിസ്ഥാനില്‍, താടിയില്ലാത്തവരെ താലിബാന്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും തഴയുന്നതായി റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കെല്ലാം താടിയുണ്ട്, അവര്‍ ഡ്രസ് കോഡ് കൃത്യമായി പാലിക്കുന്നുണ്ട് എന്ന് പരിശോധിച്ച ശേഷമാണ് ഓഫീസുകളിലേക്ക് കടത്തിവിടുന്നതെന്ന് കഴിഞ്ഞദിവസം റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അല്ലാത്തപക്ഷം ജീവനക്കാര്‍ പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ സര്‍ക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് ഇക്കാര്യത്തില്‍ പരിശോധന നടത്തുന്നത്. തിങ്കളാഴ്ച സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവേശന കവാടങ്ങളില്‍ മന്ത്രാലയത്തിന്റെ ആളുകള്‍ പട്രോളിങ് നടത്തിയതായും പറയുന്നു.
താടി വടിക്കരുതെന്നും പ്രാദേശിക വസ്ത്രം തന്നെ ധരിക്കണമെന്നും മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ് വക്താവ് എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൃത്യസമയത്ത് മതപരമായ പ്രാര്‍ത്ഥനകള്‍ നടത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ പ്രതിനിധികള്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം, പുരുഷന്മാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് താലിബാന്‍ സര്‍ക്കാര്‍ നിരോധിച്ചതായും വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുരുഷന്മാരുടെ ‘തുണയില്ലാതെ’ വിമാനത്താവളത്തിലെത്തുന്ന, എന്നാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്നും ഇതില്‍ പറയുന്നുണ്ട്.
Content Highlight: Taliban bars government employees without beards from work