രണ്ട് പ്രവിശ്യകളില്‍ റമളാന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി താലിബാന്‍
World News
രണ്ട് പ്രവിശ്യകളില്‍ റമളാന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 22nd April 2023, 8:11 pm

 

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ രണ്ട് പ്രവിശ്യകളില്‍ സ്ത്രീകളെ റമളാന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കി താലിബാന്‍. ഖാമ പ്രസ് ആണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബഗ്ലാന്‍, താക്കര്‍ എന്നീ പ്രവശ്യകളിലെ സ്ത്രീകള്‍ കൂട്ടമായി പുറത്ത് പോകുന്നതിനും റമളാന്‍ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനുമാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം ആദ്യം പ്രദേശത്തെ ഹോട്ടലുകളിലും തുറസായ സ്ഥലങ്ങളിലുമിരുന്ന് ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് സ്ത്രീകളെയും കുടുംബങ്ങളെയും വിലക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഇടപഴകുന്നത് ഒഴിവാക്കുന്നതിന്റെയും ഹിജാബ് സംബന്ധമായ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെയും ഭാഗമായാണ് ഇത്തരത്തിലുള്ള വിലക്കുകളെന്നാണ് അധികൃതരുടെ വിശദീകരണം.

യു.എന്‍ മിഷനില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയതും ഉന്നതവിദ്യാഭ്യാസത്തിനുള്ള പെണ്‍കുട്ടികളുടെ അവസരം നിഷേധിച്ചതുമുള്‍പ്പെടെ കടുത്ത സ്ത്രീ വിരുദ്ധമായ നടപടികളാണ് താലിബാന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2021 ആഗസ്റ്റില്‍ താലിബാന്‍ ഭരണത്തിലേറിയതിന് പിന്നാലെ സ്ത്രീകളുടെ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്.

ഐക്യരാഷ്ട്ര സഭയില്‍ ജോലി ചെയ്യുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കിയതോടെ അഫ്ഗാനിസ്ഥാനില്‍ തങ്ങളുടെ പ്രവര്‍ത്തനം തുടരണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്ന് ഐക്യരാഷ്ട്ര സഭാ പ്രതിനിധികള്‍ അറിയിച്ചിരുന്നു. സമാനതകളില്ലാത്ത അവകാശ ലംഘനമാണ് അഫ്ഗാനില്‍ നടക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കിയിരുന്നു.

400 അഫ്ഗാന്‍ സ്ത്രീകളായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായിരുന്നത്. എന്നാല്‍ താലിബാന്റെ വിലക്ക് വന്നതോടെ ജീവനക്കാരായ അഫ്ഗാന്‍ സ്ത്രീകളോടും പുരുഷന്‍മാരോടും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓഫീസുകളില്‍ ഹാജരാകേണ്ടെന്ന് യു.എന്‍ പറഞ്ഞിരുന്നു.

Content Highlights: Taliban bans women from participating in Ramadan celebrations in two provinces