കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ കഴിയുന്ന കെട്ടിടങ്ങളില്‍ ജനാലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി താലിബാന്‍. ജനാലകള്‍ നിര്‍മിക്കുന്നത് നിരോധിക്കണമെന്നാണ് ഉത്തരവ്. അശ്ലീല പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
‘സ്ത്രീകള്‍ അവരുടെ വീടുകളില്‍ അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്,’ താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബിഹുല്ല മുജാഹിദ് എക്സില്‍ പറഞ്ഞു. പിന്നാലെ താലിബാന്‍ ഉത്തരവ് നടപ്പിലാക്കാന്‍ നഗരസഭാ അധികൃതര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
വീട്ടുമുറ്റം, അടുക്കള, അയല്‍വാസികളുടെ കിണര്‍ തുടങ്ങി സ്ത്രീകള്‍ സാധാരണയായി ഉപയോഗിക്കുന്ന എല്ലാ സ്ഥലങ്ങളില്‍ നിന്നും ജനാലകള്‍ ഒഴിവാക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു വീട്ടിനുള്ളില്‍ നിന്ന് നോക്കിയാല്‍ സമീപത്തുള്ള വീടുകള്‍ കാണുന്നില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തുകയും ചെയ്യണം. ഉത്തരവില്‍ പരാമര്‍ശിക്കുന്ന വിധത്തില്‍ നിലവില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ജനാലകള്‍ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ഉത്തരവുണ്ട്.
2021 ഓഗസ്റ്റില്‍ അഫ്ഗാന്‍ സര്‍ക്കാരിനെ താഴെയിറക്കിയാണ് താലിബാന്‍ രാജ്യത്ത് ഭരണം പിടിച്ചെടുക്കുന്നത്. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തില്‍ താലിബാനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും 20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലേറുകയായിരുന്നു.
എന്നാല്‍ ഇക്കാലയളവ് മുതല്‍ അഫ്ഗാന്‍ സ്ത്രീകള്‍ താലിബാന്‍ ഭരണകൂടത്താല്‍ ചൂഷണം ചെയ്യപ്പെടുകയാണ്. നേരത്തെ വ്യഭിചാരത്തിന്റെ പേരില്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാന്‍ പ്രഖ്യാപിച്ചിരുന്നു.
സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുന്നത് പുനരാംരംഭിക്കുമെന്നാണ് താലിബാന്‍ അറിയിച്ചത്. സ്ത്രീകളെ പരസ്യമായി ചാട്ടവാര്‍ കൊണ്ട് മര്‍ദിക്കുമെന്നും താലിബാന്‍ പറഞ്ഞിരുന്നു.
അന്താരാഷ്ട്ര സമൂഹം ഉന്നയിക്കുന്ന സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്റെ ഇസ്ലാമിക ശരിയത്തിന്റെ വ്യാഖ്യാനത്തിന് എതിരാണെന്നാണ് താലിബാന്റെ നിലപാട്. അധികാരം പിടിച്ചടക്കിയതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, പൊതു ഇടങ്ങള്‍ തുടങ്ങിയവയെല്ലാം താലിബാന്‍ ഭരണകൂടം നിഷേധിച്ചിരുന്നു.
പെണ്‍കുട്ടികളെ സെക്കന്‍ഡറി സ്‌കൂളില്‍ ചേരുന്നത് താലിബാന്‍ വിലക്കിയിരുന്നു. ഇതിനുപുറമെ 2022 ഡിസംബറില്‍ യൂണിവേഴ്സിറ്റികളിലേക്കുള്ള പ്രവേശനവും പെണ്‍കുട്ടികള്‍ക്ക് നിഷേധിച്ചിരുന്നു
Content Highlight: Taliban banned windows in buildings where women live in Afghanistan