| Friday, 2nd December 2022, 11:33 am

'ഏകപക്ഷീയമായി റിപ്പോര്‍ട്ട് പറയുന്നു'; 'വോയ്‌സ് ഓഫ് അമേരിക്ക'യെയും 'റേഡിയോ ഫ്രീ യൂറോപ്പി'നെയും നിരോധിച്ച് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: രണ്ട് എഫ്.എം റേഡിയോ സ്‌റ്റേഷനുകളുടെ പ്രക്ഷേപണം നിരോധിച്ച് താലിബാന്‍ ഭരണകൂടം. പത്രപ്രവര്‍ത്തന തത്വങ്ങള്‍ പാലിക്കാതിരിക്കുകയും ഏകപക്ഷീയമായി മാത്രം സംപ്രേക്ഷണം ചെയ്യുകയും ചെയ്തതിനാലാണ് ഇവയെ നിരോധിച്ചതെന്ന് താലിബാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.

റേഡിയോ ഫ്രീ യൂറോപ്പ് (Radio Free Europe/Radio Liberty) വോയ്‌സ് ഓഫ് അമേരിക്ക (Voice of America- VOA) എന്നീ രണ്ട് റേഡിയോ സ്‌റ്റേഷനുകളുടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പ്രക്ഷേപണമാണ് നിരോധിച്ചത്.

താലിബാന്‍ സര്‍ക്കാരിലെ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ (Ministry of Information and Culture) ആണ് റേഡിയോ സ്‌റ്റേഷനുകളെ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം നിലവില്‍ വന്നു.

വി.ഒ.എയുടെ പ്രോഗ്രാമുകളുടെ ഉള്ളടക്കത്തെ കുറിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രാലയം പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ നിരോധനവാര്‍ത്തയും പുറത്തുവരുന്നതെന്ന് വി.ഒ.എ വൃത്തങ്ങള്‍ അറിയിച്ചു.

”അഫ്ഗാനിസ്ഥാന് മാധ്യമ നിയമങ്ങളുണ്ട്. ഈ നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിക്കുന്ന ഏതൊരു നെറ്റ്‌വര്‍ക്കിന്റെയും അഫ്ഗാനിസ്ഥാനില്‍ നിന്ന് പ്രക്ഷേപണം ചെയ്യാനുള്ള അവകാശം എടുത്തുകളയും,” താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രാലയ വക്താവ് അബ്ദുല്‍ ഖഹര്‍ ബല്‍കി (Abdul Qahar Balkhi) പറഞ്ഞു.

”വോയ്‌സ് ഓഫ് അമേരിക്ക ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു. ആവര്‍ത്തിച്ച് നിയമലംഘനം നടത്തി. പ്രൊഫഷണലിസം കാണിക്കുന്നതില്‍ പരാജയപ്പട്ടു. അതിനാലാണ് അടച്ചുപൂട്ടിയത്,” എന്നും ബല്‍കി പറഞ്ഞതായി വി.ഒ.എ റിപ്പോര്‍ട്ട് ചെയ്തു.

1980കളിലായിരുന്നു വോയ്‌സ് ഓഫ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ പ്രക്ഷേപണമാരംഭിച്ചത്.

അമേരിക്കന്‍ അധിനിവേശത്തിനുശേഷം രാജ്യത്ത് പ്രക്ഷേപണം ആരംഭിച്ച റേഡിയോ ആസാദി (Radio Azadi -R.L) എന്ന സ്റ്റേഷനും പത്രപ്രവര്‍ത്തന നിയമങ്ങള്‍ പാലിക്കാത്തതിനാലും ഏകപക്ഷീയമായി പ്രവര്‍ത്തിച്ചതിനാലും നിര്‍ത്തിവെച്ചിരുന്നെന്നും താലിബാന്‍ ഭരണകൂടത്തിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ച്ചര്‍ മന്ത്രാലയത്തിന്റെ പ്രക്ഷേപണത്തിന് മേല്‍നോട്ടം വഹിക്കുന്ന അബ്ദുള്‍ ഹഖ് ഹമ്മദ് (Abdul Haq Hammad) ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, ഭരണം കയ്യടക്കിയതിന് പിന്നാലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങ് സമയത്ത് മുഖം മറയ്ക്കണം എന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ താലിബാന്‍ കൊണ്ടുവന്നത് വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സിന്റെ (Reporters Without Borders) കണക്കനുസരിച്ച് താലിബാന്റെ മുന്‍ ഭരണകാലത്ത് അഫ്ഗാനിസ്ഥാനില്‍ 547 മാധ്യമ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അധികാരമേറ്റതിന് ശേഷം ഇവയില്‍ 219 മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയെന്ന് ഖാമ പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Taliban banned the FM radio broadcasts Voice of America and Radio Free Europe

We use cookies to give you the best possible experience. Learn more