കാബൂള്‍: പുരുഷന്മാരുടെ എസ്‌കോര്‍ട്ടില്ലാതെ സ്ത്രീകള്‍ വിമാനത്തില്‍ സഞ്ചരിക്കുന്നത് നിരോധിച്ച് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍. ഇത് സംബന്ധിച്ച് രാജ്യത്തെ എയര്‍ലൈനുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതായി വിവിധ സ്രോതസുകളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ആഭ്യന്തര- അന്താരാഷ്ട്ര ഫ്‌ളൈറ്റുകള്‍ കയറാനെത്തുന്ന സ്ത്രീകള്‍ക്കൊപ്പം നിര്‍ബന്ധമായും ഒരു പുരുഷന്‍ ഉണ്ടായിരിക്കണമെന്നാണ് താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.
പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം, പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് താലിബാന്‍ സര്‍ക്കാരിന്റെ മിനിസ്ട്രി ഫോര്‍ ദ പ്രൊപ്പഗേഷന്‍ ഓഫ് വിര്‍ച്യൂ ആന്‍ഡ് പ്രിവന്‍ഷന്‍ ഓഫ് വൈസ്, ശനിയാഴ്ച എയര്‍ലൈനുകള്‍ക്ക് കത്തയച്ചിട്ടുണ്ട്.
പുരുഷന്മാരുടെ ‘തുണയില്ലാതെ’ വിമാനത്താവളത്തിലെത്തുന്ന, എന്നാല്‍ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള സ്ത്രീകള്‍ക്ക് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യാത്ര ചെയ്യാമെന്നും ഇതില്‍ പറയുന്നുണ്ട്.
വിഷയത്തില്‍ മന്ത്രാലയ വൃത്തങ്ങളുടെ നേരിട്ടുള്ള പ്രതികരണം പുറത്തുവന്നിട്ടില്ല.
നേരത്തെ, അഫ്ഗാനില്‍ നിന്നും വിദേശത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കൊപ്പം പുരുഷനായ ഒരു കുടുംബാംഗം നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് താലിബാന്‍ സര്‍ക്കാര്‍ വക്താവ് പറഞ്ഞിരുന്നു.
പെണ്‍കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം അനുവദിച്ച, പിന്നീട് ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിന് പിന്നാലെയാണ് ഇപ്പോള്‍ സ്ത്രീകളുടെ യാത്രാ സ്വാതന്ത്ര്യം തടയുന്ന താലിബാന്റെ തീരുമാനം പുറത്ത് വന്നിരിക്കുന്നത്.
Content Highlight: Taliban ban women in Afghanistan from flying without male chaperone