കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഐക്യരാഷ്ട്രസഭയുടെ ഓഫീസിന് നേരെ താലിബാന്‍ ആക്രമണം. ആക്രമണത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്.
അതേസമയം താലിബാന്‍ ആക്രമണത്തെ അപലപിച്ച് യു.എന്‍ പ്രതിനിധികള്‍ രംഗത്തെത്തിയിരുന്നു. ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് യു.എന്നിന്റെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ 2400 ലധികം അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന നേരത്തെ പറഞ്ഞിരുന്നു. മെയ് മുതല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്നാണ് യു.എന്‍ വൃത്തങ്ങളുടെ റിപ്പോര്‍ട്ട്.
മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.
അതേസമയം സംഘര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി വിവിധ ക്യാംപുകള്‍ കാണ്ഡഹാര്‍ മേഖലകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു. ഒരു ലക്ഷത്തിലധികം പേരാണ് വിവിധ ക്യാംപുകളിലായി കഴിയുന്നതെന്നാണ് റിപ്പോര്‍ട്ട്.