| Wednesday, 22nd September 2021, 10:40 am

ഐക്യരാഷ്ട്രസഭയില്‍ സംസാരിക്കാന്‍ അനുമതി ചോദിച്ച് താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: ന്യൂയോര്‍ക്കില്‍ ഈയാഴ്ച നടക്കാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കാന്‍ അനുമതി ചോദിച്ച് താലിബാന്‍. വിവിധ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കാനുള്ള അവസരമായിക്കണ്ടാണ് താലിബാന്‍ അനുമതി ചോദിച്ചിരിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്താഖിയാണ് ഈ തിങ്കളാഴ്ച അനുമതി അഭ്യര്‍ത്ഥിച്ച് കൊണ്ടുള്ള കത്ത് ഐക്യരാഷ്ട്രസഭയ്ക്ക് അയച്ചത്. അനുമതി സംബന്ധിച്ച് ഐക്യരാഷ്ട്രസഭ കമ്മിറ്റി് തീരുമാനമെടുക്കും.

തങ്ങളുടെ ദോഹ കേന്ദ്രീകരിച്ചുള്ള വക്താവായ സുഹൈല്‍ ഷഹീനെ താലിബാന്‍ അഫ്ഗാനിസ്ഥാന്റെ യു.എന്‍ അംബാസഡറായി നാമനിര്‍ദേശം ചെയ്യുകയും ചെയ്തു.

കഴിഞ്ഞ മാസം താലിബാന്‍ അഫ്ഗാന്‍ കീഴടക്കുകയും ഭരണം പിടിച്ചെടുക്കുകയും ചെയ്ത സാഹചര്യത്തില്‍, പുറത്താക്കപ്പെട്ട സര്‍ക്കാരിന്റെ പ്രതിനിധിയ്ക്ക് അഫ്ഗാനെ ഇനി പ്രതിനിധാനം ചെയ്യാന്‍ സാധിക്കില്ല എന്നാണ് താലിബാന്‍ പറഞ്ഞത്. അഷ്‌റഫ് ഗനിയെ അഫ്ഗാന്‍ നേതാവായി പല ലോകരാജ്യങ്ങളും പരിഗണിക്കുന്നില്ല എന്നും താലിബാന്‍ പറഞ്ഞു.

താലിബാന്‍ നല്‍കിയിരിക്കുന്ന അപേക്ഷ പരിഗണിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ഒന്‍പത് അംഗ കമ്മിറ്റിയില്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങളും അംഗങ്ങളാണ്. ഈ വരുന്ന സെപ്റ്റംബര്‍ 27ന് സഭയുടെ പൊതുസമ്മേളന സെഷന്‍ അവസാനിക്കും. അതിന് മുന്‍പ് ഈ കമ്മിറ്റി ചേരുന്നതിനുള്ള സാധ്യത കുറവാണ്.

അതുകൊണ്ട് കമ്മിറ്റി തീരുമാനമെടുക്കുന്നത് വരെ അഫ്ഗാന്റെ നിലവിലുള്ള അംബാസഡര്‍ ഗുലാം ഇസാസെ രാജ്യത്തിന്റെ പ്രതിനിധിയായി തുടരാനാണ് സാധ്യത.

ഗുലാം ഇസാസെ സെപ്റ്റംബര്‍ 27ന് സഭയുടെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചൊവ്വാഴ്ച നടന്ന ഐക്യരാഷ്ട്രസഭ യോഗത്തില്‍ ലോകരാജ്യങ്ങള്‍ താലിബാനുമായി ചര്‍ച്ചകള്‍ നടത്തണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടിരുന്നു. ”താലിബാനെ ബഹിഷ്‌കരിക്കുന്നത് ധ്രുവീകരണത്തിന് വഴിവെക്കുകയേ ഉള്ളൂ. എന്നാല്‍ അവരുമായി സംസാരിക്കുന്നത് ഫലപ്രദമായേക്കാം,” ഖത്തര്‍ ഭരണാധികാരി ഷേഖ് തമിം ബിന്‍ ഹമദ് അല്‍ താനി പറഞ്ഞു.

2020ല്‍ അമേരിക്കയും താലിബാനും തമ്മില്‍ നടന്ന ചര്‍ച്ചയിലായിരുന്നു അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോ സേനയെ അഫ്ഗാനില്‍ നിന്ന് പിന്‍വലിക്കുന്നതിനുള്ള കരാറിലെത്തിയത്. ചര്‍ച്ചയുടെ മധ്യസ്ഥത വഹിച്ചത് ഖത്തര്‍ ആയിരുന്നു. അഫ്ഗാനില്‍ ഇപ്പോള്‍ നടക്കുന്ന സമാധാന ചര്‍ച്ചകളുടെയും ഭാഗമാണ് ഖത്തര്‍.

കഴിഞ്ഞ ആഗസ്റ്റ് 15നായിരുന്നു തലസ്ഥാനമായ കാബൂള്‍ കീഴടക്കിക്കൊണ്ട് താലിബാന്‍ അഫ്ഗാനിസ്ഥാന്‍ ഭരണം പിടിച്ചെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban asks UN permission to speak at the general assembly

We use cookies to give you the best possible experience. Learn more