കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ സംഘടനകളുടെ സാന്നിധ്യമുണ്ടെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മറുപടിയുമായി താലിബാന്‍.
ഐക്യരാഷ്ട്ര സഭയുടെ 77ാമത് വാര്‍ഷിക ജനറല്‍ അസംബ്ലി യോഗത്തില്‍ വെച്ചായിരുന്നു ഷെഹബാസ് ഷെരീഫ് അഫ്ഗാനെതിരെ സംസാരിച്ചത്. ഈ പരാമര്‍ശത്തിനാണ് താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ സഹമന്ത്രിയായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായ് (Sher Mohammad Abbas Stanekzai) മറുപടി നല്‍കിയിരിക്കുന്നത്.
അഫ്ഗാന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നത് താലിബാന്‍ അവസാനിപ്പിമെന്ന് വിദേശകാര്യ സഹമന്ത്രി പറഞ്ഞതായി ടോളോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ചയായിരുന്നു ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായിയുടെ പ്രതികരണം.
പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളെ ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാന്‍ നിഷേധിക്കുന്നതായും അത്തരം പരാമര്‍ശങ്ങളെ അപലപിക്കുന്നെന്നും ഇത്തരം പരാമര്‍ശങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ നടപടിയെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇസ്‌ലാമിക് എമിറേറ്റിനെതിരെ സംസാരിക്കാന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല.
പാകിസ്ഥാന് സാമ്പത്തിക പ്രശ്നമുണ്ടെങ്കില്‍, അവരെ അന്താരാഷ്ട്ര നാണ്യനിധിയുടെ കരിമ്പട്ടികയില്‍ പെടുത്തുകയാണെങ്കില്‍, ആരും അവര്‍ക്ക് പണം നല്‍കാന്‍ തയ്യാറാകുന്നില്ല.
നിങ്ങള്‍ക്ക് (പാകിസ്ഥാന്) വായ്പ ലഭിക്കുന്നില്ലെങ്കില്‍, അത് നിങ്ങളുടെ പ്രശ്നമാണ്. നിങ്ങള്‍ക്ക് കഴിയുന്ന ഏതെങ്കിലും വഴിയിലൂടെ നിങ്ങളതിന് പരിഹാരം കണ്ടെത്തുക.
എന്നാല്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ ആത്മാഭിമാനത്തെ കുറിച്ച് സംസാരിക്കരുത്. കുറച്ച് പണത്തിന് വേണ്ടി അഫ്ഗാനിസ്ഥാനെ അപകീര്‍ത്തിപ്പെടുത്തരുത്,” ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്‌സായ് പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ നിന്നും ഉത്ഭവിക്കുന്ന ഭീകരവാദ ഭീഷണിയെ കുറിച്ചുള്ള ആശങ്കയായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് പറഞ്ഞത്.
”അഫ്ഗാനിസ്ഥാനില്‍ നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന തീവ്രവാദ ഗ്രൂപ്പുകള്‍, പ്രധാനമായും ഇസ്‌ലാമിക് സ്റ്റേറ്റ്- ഖൊറാസന്‍ (ഐ.എസ്.ഐ.എസ്-കെ), തെഹ്രീക്- ഇ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി), അല്‍-ഖ്വയ്ദ, ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ ഇസ്‌ലാമിക് മൂവ്മെന്റ് (ഇ.ടി.ഐ.എം), ഇസ്‌ലാമിക് മൂവ്മെന്റ് ഓഫ് ഉസ്ബെക്കിസ്ഥാന്‍ (ഐ.എം.യു) എന്നിവയില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആശങ്ക പാകിസ്ഥാന്‍ പങ്കിടുന്നു,” എന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്.