അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍
World News
അഫ്ഗാനില്‍ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th September 2021, 9:13 pm

കാബൂള്‍: അഫ്ഗാനില്‍ താലിബാന്‍ താല്‍ക്കാലിക സര്‍ക്കാരിനെ രൂപീകരിച്ചു. ഇടക്കാല സര്‍ക്കാരിനെ മുല്ല മുഹമ്മദ് ഹസന്‍ അഖുന്ദ് നയിക്കും.

താലിബാന്‍ വക്താവ് സബിലുള്ള മുജാഹിദാണ് ഇക്കാര്യം അറിയിച്ചത്. മുല്ല അബ്ദുള്‍ ഗനി ബര്‍ദാറാണ് ഉപ പ്രധാനമന്ത്രി.

എല്ലാ മന്ത്രിമാര്‍ക്കും ഉപമന്ത്രിമാരുമുണ്ടാകുമെന്ന് താലിബാന്‍ അറിയിച്ചിട്ടുണ്ട്. അമിര്‍ ഖാന്‍ മുത്താഖിയാണ് വിദേശകാര്യ മന്ത്രി. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയും മുല്ല ഹദേയത്തുല്‍ ബദ്രി ധനമന്ത്രിയുമായി സ്ഥാനമേല്‍ക്കും.

20 വര്‍ഷത്തിന് ശേഷം അമേരിക്ക സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറിയതിന് പിന്നാലെയാണ് താലിബാന്‍ രാജ്യത്ത് ആക്രമണം ശക്തമാക്കിയത്. കുറച്ച് ദിവസങ്ങള്‍ക്കൊണ്ട് തന്നെ അഫ്ഗാന്‍ സൈന്യത്തെ തോല്‍പ്പിച്ചുകൊണ്ട് താലിബാന്‍ രാജ്യം മുഴുവന്‍ പിടിച്ചെടുക്കുകയായിരുന്നു.

രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റി. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്. താലിബാന്‍ അധികാരസ്ഥാനങ്ങളെല്ലാം കയ്യടിക്കയതിന് പിന്നാലെ മുന്‍ പ്രസിഡന്റ് അഷ്റഫ് ഗാനിയും മന്ത്രിസഭയിലെ മറ്റു അംഗങ്ങളുമെല്ലാം രാജ്യത്ത് നിന്ന് പലായനം ചെയ്തിരുന്നു.

താലിബാന്‍ ഭരണത്തിന്റെ കീഴില്‍ സ്ത്രീകളും മറ്റു ന്യൂനപക്ഷങ്ങളും കടുത്ത അടിച്ചമര്‍ത്തിലിന് വിധേയമാക്കപ്പെടുമെന്നാണ് വിലയിരുത്തലുകള്‍. നേരത്തെ അധികാരത്തിലെത്തിയിരുന്ന സമയത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും ജോലിക്ക് പോകലും താലിബാന്‍ പൂര്‍ണമായും നിരോധിച്ചിരുന്നു.

അതേസമയം താലിബാനിലെ പുതിയ സര്‍ക്കാരിനോട് ലോകരാഷ്ട്രങ്ങള്‍ എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ചൈന അഫ്ഗാനിലെ തങ്ങളുടെ എംബസി അടക്കില്ലെന്നും അഫ്ഗാന്റെ പുനരുദ്ധാരണത്തിനായുള്ള സാമ്പത്തിക പദ്ധതികള്‍ തുടരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ താലിബാന്‍ വക്താക്കളുമായി ചില ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇതുവരെയും താലിബാന്‍ സര്‍ക്കാരിനെ അംഗീകരിക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സേനാബലം ഉപയോഗിച്ചും ആക്രമണങ്ങളിലൂടെയും അഫ്ഗാനില്‍ അധികാരത്തിലെത്തുന്ന ഒരു ഭരണസംവിധാനത്തെയും അംഗീകരിക്കില്ലെന്ന നിലപാടാണ് ഇന്ത്യ, ജര്‍മനി, ഖത്തര്‍, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം നേരത്തെ സ്വീകരിച്ചിരുന്നത്.

Content Highlight: Taliban announces new Afghan government