|

അഫ്ഗാനില്‍ ക്രിക്കറ്റിന് പച്ചക്കൊടി; ആസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്ക് അനുമതി; ഇന്ത്യയുമായുള്ള മത്സരങ്ങള്‍ക്കും പിന്തുണയറിച്ച് താലിബാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിലെ പുരുഷ കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കി താലിബാന്‍. ആസ്‌ട്രേലിയയുമായി ഈ വര്‍ഷം അവസാനം നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്ക് താലിബാന്‍ അനുമതി നല്‍കിയതായി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിലെ (എ.സി.ബി) ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് എ.സി.ബി ഇക്കാര്യം വ്യക്തമാക്കിയത്.

താലിബാന്‍ ഭരണകൂടം ക്രിക്കറ്റിനെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് എ.സി.ബി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായ ഹമീദ് ഷിന്‍വാരി പറയുന്നത്. ആസ്‌ട്രേലിയയുമായി നടക്കുന്ന ടെസ്റ്റ് പരമ്പരകള്‍ക്ക് ശേഷം 2022ല്‍ ഇന്ത്യയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കും താലിബാന്‍ കള്‍ച്ചറല്‍ കമ്മ്യൂണിക്കേഷന്‍ വിഭാഗം പിന്തുണ അറിയിച്ചതായും ഷിന്‍വാരി കൂട്ടിച്ചേര്‍ത്തു.

നവംബര്‍ 27 മുതല്‍ ഡിസംബര്‍ 1 വരെ ഹൊബാര്‍ട്ടില്‍ വെച്ചാണ് ആസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന പരമ്പര കൊവിഡ് വ്യാപനത്താല്‍ നീണ്ടു പോവുകയായിരുന്നു.

ആസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്‍പായി ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 15 വരെ യു.എ.ഇയില്‍ വെച്ച് നടക്കുന്ന ത്രിരാഷ്ട്ര ട്വന്റി-ട്വന്റി മത്സരങ്ങളിലും അഫ്ഗാന്‍ ഭാഗമാകും. ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

പുരുഷ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങള്‍ക്കും പര്യടനങ്ങള്‍ക്കും അനുമതി നല്‍കിയ താലിബാന്‍, വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ചുള്ള വാര്‍ത്തകളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ച് തങ്ങള്‍ക്ക് ഈ നിമിഷം ഒന്നും പറയാനാകില്ല എന്നാണ് ഷിന്‍വാരിയും അഭിമുഖത്തില്‍ പറഞ്ഞത്.

2001ല്‍ താലിബാന്‍ പിന്‍വാങ്ങിയതോടെയാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്. ഇതോടെ അഫ്ഗാനില്‍ ക്രിക്കറ്റിന് വ്യാപകമായ പ്രചാരമാണ് ലഭിച്ചത്. 2017ല്‍ ഐ.സി.സി അഫ്ഗാനെ ടെസ്റ്റ് ടീമായി അംഗീകരിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷമാണ് അഫ്ഗാനില്‍ വനിതാ ക്രിക്കറ്റ് ടീം രൂപീകരിക്കുന്നത്.  അഫ്ഗാന്റെ ഭരണം താലിബാന്‍ പിടിച്ചടക്കിയതോടെ വനിതാ ക്രിക്കറ്റ് ടീമിനെ പിരിച്ച് വിടുകയായിരുന്നു. ടീമിലെ പല അംഗങ്ങളും കാനഡയടക്കമുള്ള രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുകയാണ്.

അഫ്ഗാനിസ്ഥാനില്‍ ക്രിക്കറ്റിന് വ്യാപകമായ സ്വീകാര്യതയുണ്ടെന്ന് ഷിന്‍വാരി പറയുന്നു. ക്രിക്കറ്റിന്റെ സൗന്ദര്യം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണെന്നും കഴിഞ്ഞ 20 വര്‍ഷം താലിബാന്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും തങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നും ഷിന്‍വാരി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Taliban Allows Afghan Cricket team for Australian tour