കാബൂള്‍: വിശുദ്ധ റമദാന്‍ മാസം കണക്കിലെടുത്ത് അഫ്ഗാന്‍ സേനയുമായി മൂന്ന് ദിവസത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍. എന്നാല്‍ വിദേശ ശക്തികളോടുള്ള പോരാട്ടം തുടരുമെന്നും താലിബാന്‍ അറിയിച്ചു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചാക്രമിക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍ ഗവണ്‍മെന്റ് ഒരാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മാധ്യമങ്ങള്‍ക്കയിച്ച സന്ദേശത്തില്‍ താലിബാന്‍ നിലപാട് അറിയച്ചത്.
എല്ലാ മുജാഹിദീനുകളും അഫ്ഗാന്‍ സേനയ്ക്ക് നേരെയുള്ള ആക്രമണങ്ങള്‍ പെരുന്നാളിന്റെ ആദ്യ മൂന്ന് ദിനങ്ങളില്‍ അവസാനിപ്പിക്കണമെന്നാണ് താലിബാന്റെ സന്ദേശം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷറഫ് ഘാനി ഒരാഴ്ചത്തെ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചത്. റമദാനിലെ 27ാം നാള്‍ മുതല്‍ പെരുന്നാളിന്റെ അഞ്ചാം ദിനം വരെയാണ് അഫ്ഗാന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന വെടി നിര്‍ത്തല്‍
2001ലെ അമേരിക്കന്‍ അധിനിവേശത്തിന് ശേഷം ആദ്യമായാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നത്.