| Tuesday, 27th July 2021, 7:26 pm

അമേരിക്ക ഇറങ്ങിപ്പോയ അഫ്ഗാനില്‍ ഭീകരവാദം അധികാരത്തിലെത്തുമ്പോള്‍; താലിബാന്‍ 1994 മുതല്‍ 2021 വരെ

അന്ന കീർത്തി ജോർജ്

താലിബാന്‍ എന്ന വാക്കിന് അറബി ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ എന്നാണ് അര്‍ത്ഥം. അഫ്ഗാനിസ്ഥാനിലെ യാഥാസ്ഥിതിക മതപഠനസ്ഥാപനങ്ങളില്‍ നിന്നുള്ളവരായിരുന്നു താലിബാന്‍ എന്ന ഭീകര സംഘടനയുടെ ഭാഗമായി തുടക്കത്തില്‍ പ്രധാനമായും പ്രവര്‍ത്തിച്ചിരുന്നത്. അങ്ങനെയായിരിക്കാം അവര്‍ക്ക് ആ പേര് ലഭിച്ചതും.

താലിബാന്റെ അര്‍ത്ഥവും ചരിത്രവുമൊക്കെ ഇപ്പോള്‍ പറയുന്നത് എന്തിനാണന്നല്ലേ, കാരണമുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭീകരവാദവും തീവ്രവാദവും അഫ്ഗാനിലെ ആഭ്യന്തര കലാപവും അയല്‍ രാജ്യങ്ങളെ ആക്രമിക്കലുമൊക്കെയായി ബന്ധപ്പെട്ട് നമ്മള്‍ ഏറ്റവും കൂടുതല്‍ കേട്ട പേരായിരിക്കും താലിബാന്‍. ഈ താലിബാനെതിരെ കഴിഞ്ഞ 20 വര്‍ഷമായി അമേരിക്കയും അഫ്ഗാന്‍ സേനയും ഒരുമിച്ച് പോരാടുകയായിരുന്നു.

ഇപ്പോള്‍ അമേരിക്ക അഫ്ഗാനില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. അതിനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാവുകയും ചെയ്യും. ഇതിന് പിന്നാലെ അഫ്ഗാന്‍ ജനതയും ലോകരാഷ്ട്രങ്ങളും ആശങ്കയോടെ ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്.

അമേരിക്കന്‍, നാറ്റോ സൈനികര്‍ പിന്മാറിക്കഴിഞ്ഞാല്‍ നിലവിലെ അഫ്ഗാന്‍ സര്‍ക്കാരിന് താലിബാനെതിരെ പിടിച്ചുനില്‍ക്കാന്‍ കഴിയുമോ? അഫ്ഗാന്‍ മുഴുവന്‍ താലിബാന്‍ പിടിച്ചടക്കുമോ?

ചില മനുഷ്യാവകാശങ്ങളെങ്കിലും സംരക്ഷിക്കപ്പെടുന്ന ഭരണഘടന കൂടി മാറ്റി പുതിയ കര്‍ശന നിയമങ്ങള്‍ താലിബാന്‍ നടപ്പിലാക്കുമോ? അഫ്ഗാന്റെ ഭരണകൂടമായി താലിബാന്‍ എത്തിയാല്‍ ഇന്ത്യയടക്കമുള്ള അയല്‍ രാജ്യങ്ങളെ ഇതെങ്ങനെ ബാധിക്കും?

താലിബാനോട് പിടിച്ചു നില്‍ക്കാനായി അഫ്ഗാന്‍ സര്‍ക്കാര്‍ ജനങ്ങളെ സായുധരാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയായാല്‍ താലിബാനും അഫ്ഗാന്‍ സേനയും ജനങ്ങളും പരസ്പരം വെടിവെച്ചും ബോംബെറിഞ്ഞും രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമോയെന്നും ആശങ്കയുണ്ട്. അത് അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുമോയെന്നും ചോദ്യങ്ങളുയരുന്നുണ്ട്

സമാധാന ചര്‍ച്ചകളൊക്കെ നടക്കുന്നുണ്ടെങ്കിലും ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം താലിബാനും അഫ്ഗാന്‍ സേനയും തമ്മില്‍ നടന്ന ആക്രമണങ്ങളില്‍ പെട്ട് 1800 അഫ്ഗാന്‍ പൗരന്മാരാണ് കൊല്ലപ്പെട്ടത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ 30 ശതമാനത്തിന്റെ വര്‍ധനവാണിത്. ആക്ടിവിസ്റ്റുകളെയും മാധ്യമപ്രവര്‍ത്തകരെയും താലിബാന്‍ കൊന്നൊടുക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒരു ഘട്ടത്തില്‍ അമേരിക്ക കൂടി ചേര്‍ന്ന് വളര്‍ത്തിക്കൊണ്ടുവന്ന താലിബാന്‍ പിന്നെ എങ്ങനെയാണ് അമേരിക്കയ്ക്കും അഫ്ഗാനും ലോകത്തിനും തന്നെ തീരാ തലവേദനയായി തീര്‍ന്നത്? എങ്ങനെയാണ് താലിബാന്‍ എന്ന ഭീകരവാദ പ്രസ്ഥാനത്തിന്റെ തുടക്കവും വളര്‍ച്ചയും ? എങ്ങനെയാണ് ഇവര്‍ ഒരു സമാന്തര സര്‍ക്കാരായി നിലനില്‍ക്കുന്നതും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നതും? താലിബാന്‍ അധികാരത്തിലെത്തുമ്പോള്‍ എന്തായിരിക്കും അഫ്ഗാനെ കാത്തിരിക്കുന്നത് ?

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban and Afghanistan issue explained

അന്ന കീർത്തി ജോർജ്

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.