| Wednesday, 18th August 2021, 9:34 am

ബുര്‍ഖ നിര്‍ബന്ധമല്ല, പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പോയി പഠിക്കാം; പുതിയ നിലപാടുകളെ കുറിച്ച് സൂചന നല്‍കി താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകളുടെ വസ്ത്രധാരണവും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട നിലപാടുകളെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ട് താലിബാന്‍. ബുര്‍ഖ നിര്‍ബന്ധമാക്കില്ലെന്നും ഹിജാബ് ധരിക്കണമെന്നതില്‍ മാത്രമായിരിക്കും കര്‍ശന നിയന്ത്രണമുണ്ടാവുകയെന്നുമാണ് താലിബാന്‍ വക്താക്കളുടെ പ്രസ്താവന സൂചിപ്പിക്കുന്നത്.

താലിബാന്‍ അധികാരത്തിലിരുന്ന 1996 – 2001 കാലഘട്ടത്തില്‍ സ്ത്രീകള്‍ ശരീരം മുഴുവനായി മൂടുന്ന ബുര്‍ഖ ധരിച്ചിരിക്കണമായിരുന്നു. പൊതുസ്ഥലത്ത് ബുര്‍ഖ ധരിക്കാതെയെത്തുന്ന സ്ത്രീകള്‍ക്ക് പരസ്യമായ ചാട്ടവാറടിയോ വധശിക്ഷയോ വരെ നേരിടേണ്ടി വന്നിരുന്നു.

എന്നാല്‍ ഇപ്പോള്‍ പൊതുവിടങ്ങളില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാകില്ലെന്നാണ് താലിബാന്‍ പറയുന്നത്. ‘ബുര്‍ഖ മാത്രമല്ല ഹിജാബ് ഗണത്തില്‍ വരുന്ന വസ്ത്രം. ബുര്‍ഖയല്ലാത്ത മറ്റു ഹിജാബുകളും ധരിക്കാവുന്നതാണ്,’ താലിബാന്റെ ദോഹ രാഷ്ട്രീയകാര്യ ഓഫീസിലെ വക്താവ് സുഹൈല്‍ ഷഹീന്‍ ബ്രിട്ടന്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു.

തലയും ശരീരഭാഗങ്ങളും പൂര്‍ണ്ണമായും മൂടുന്ന തരത്തിലുള്ള ബുര്‍ഖയില്‍ കണ്ണുകള്‍ മാത്രമാകും പുറത്തുകാണുക. ഈ കണ്ണുകള്‍ക്ക് മുന്നിലും ചെറിയ ദ്വാരങ്ങളുള്ള തരത്തിലുള്ള തുണിയുണ്ടായിരിക്കും. തല മറക്കുന്ന ഷാളിനെയാണ് ഹിജാബ് എന്നതുകൊണ്ട് പൊതുവെ അര്‍ത്ഥമാക്കുന്നത്.

ബുര്‍ഖ നിര്‍ബന്ധമാക്കില്ലെന്ന് താലിബാന്‍ അറിയിച്ചെങ്കിലും ഏതു തരത്തിലുള്ള ഹിജാബാണ് സ്ത്രീകള്‍ക്ക് നിര്‍ബന്ധമാക്കാന്‍ പോകുന്നതെന്ന കാര്യത്തില്‍ താലിബാന്‍ വ്യക്തത വരുത്തിയിട്ടില്ല. സ്ത്രീകളുടെ വിദ്യാഭ്യാസത്തെ കുറിച്ചും സുഹൈല്‍ ഷഹീന്‍ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.

‘പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നത വിദ്യാഭ്യാസം വരെ സ്ത്രീകള്‍ക്ക് നേടാം. അതായത് സ്ത്രീകള്‍ക്ക് സര്‍വകലാശാലകളില്‍ പോയി പഠിക്കാം. മോസ്‌കോ കോണ്‍ഫറന്‍സ്, ദോഹ കോണ്‍ഫറന്‍സ് തുടങ്ങിയ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളില്‍ ഞങ്ങള്‍ ഇക്കാര്യം വ്യക്തമാക്കിയതാണ്,’ ഷഹീന്‍ പറഞ്ഞു.

താലിബാന്‍ പിടിച്ചെടുത്ത സ്ഥലങ്ങളിലെ സ്‌കൂളുകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുഹൈല്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ താലിബാന്‍ മന്ത്രിസഭയില്‍ സ്ത്രീകളുണ്ടാകുമെന്നും ചില താലിബാന്‍ വക്താക്കള്‍ പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

അതേസമയം താലിബാന്‍ ഭരണത്തിന്‍ കീഴില്‍ സ്ത്രീകള്‍ കടുത്ത അടിച്ചമര്‍ത്തലിനും അവകാശലംഘനനങ്ങള്‍ക്കും വിധേയമാകേണ്ടി വരുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകരെല്ലാം ചൂണ്ടിക്കാണിക്കുന്നത്. ഇപ്പോള്‍ താലിബാന്‍ പറയുന്ന നിലപാടുകള്‍ മുഖംമിനുക്കല്‍ നടപടികള്‍ മാത്രമാണെന്നും അന്താരാഷ്ട്ര സമ്മര്‍ദത്തിന്റെ ഫലമായി ഉണ്ടാകുന്നതാണെന്നുമാണ് ഇവര്‍ പറയുന്നത്.

നേരത്തെ താലിബാന്‍ അഫ്ഗാനില്‍ അധികാരത്തിലിരുന്ന സമയത്ത് സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ സര്‍വകലാശാലകളില്‍ 50 ശതമാനവും സ്ത്രീകളാണ്. ഇത്തരത്തില്‍ അഫ്ഗാനിലെ സ്ത്രീകള്‍ നേടിയെടുത്ത സാമൂഹ്യമുന്നേറ്റവും പുരോഗതിയുമെല്ലാം ഇനി തകിടം മറിയുമെന്നാണ് അഫ്ഗാന്‍ സംവിധായിക സഹ്റാ കരിമി പറഞ്ഞത്.

ഇനിമുതല്‍ അഫ്ഗാനിസ്ഥാനില്‍ മറ്റാരേക്കാളും ബുദ്ധിമുട്ടനുഭവിക്കാന്‍ പോകുന്നത് സ്ത്രീകളും കുട്ടികളുമാണെന്നും ലോകം മുഴുവന്‍ ഒന്നിച്ചുനിന്ന് താലിബാനെ സമ്മര്‍ദത്തിലാക്കിയേ തീരൂവെന്നുമാണ് അഫ്ഗാന്‍ നോവലിസ്റ്റ് ഖാലിദ് ഹൊസൈനി പ്രതികരിച്ചത്.

ഇസ്‌ലാമിക് നിയമസംഹിതയായ ശരീഅത്ത് കര്‍ശനമായി നടപ്പാക്കികൊണ്ടായിരുന്നു താലിബാന്‍ 1996 – 2001 കാലഘട്ടത്തില്‍ ഭരണം നടത്തിയിരുന്നത്. ഈ നിയമപ്രകാരം സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിക്കാനും ബന്ധുവായ പുരുഷനോടൊപ്പമല്ലാതെ പുറത്തിറങ്ങാനും പാടില്ല എന്നും താലിബാന്റെ നിഷ്‌കര്‍ഷയുണ്ടായിരുന്നു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടാനോ ജോലി ചെയ്യാനോ അനുവാദവുമില്ലായിരുന്നു.

ഈ രീതികളെല്ലാം തിരിച്ചുവരുമെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും അഫ്ഗാന്‍ ജനതയും ഭയപ്പെടുത്തുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനില്‍ നിന്നും കൂട്ടപ്പലായനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

അതേസമയം, അവകാശങ്ങള്‍ക്കായി സ്ത്രീകള്‍ അഫ്ഗാനില്‍ പ്രതിഷേധമാരംഭിച്ചിട്ടുണ്ട്. നിയമ നിര്‍മാണത്തിലും രാഷ്ട്രീയത്തിലും രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും തുല്യമായ അവകാശങ്ങള്‍ വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കാബൂളിലെ വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയിലാണ് പ്രതിഷേധവുമായി സ്ത്രീകള്‍ തടിച്ചു കൂടിയത്.

20 വര്‍ഷത്തിന് ശേഷം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയാണ് താലിബാന്‍ അഫ്ഗാനെ പിടിച്ചെടുക്കാനുള്ള ആക്രമണം ശക്തമാക്കിയത്.

ആഗസ്റ്റ് 15-16 തിയതികളിലായിട്ടായിരുന്നു താലിബാന്‍ അഫ്ഗാനിസ്ഥാന്റെ ഭരണം പൂര്‍ണമായും പിടിച്ചെടുത്തത്. രാജ്യം കീഴടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ പേരും താലിബാന്‍ മാറ്റിക്കഴിഞ്ഞു. ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാന്‍ എന്നാണ് പുതിയ പേര്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Taliban about Burqa and women’s education in Afghanistan

We use cookies to give you the best possible experience. Learn more