| Wednesday, 24th April 2019, 4:01 pm

കൂടാരങ്ങളില്‍ സര്‍ക്കസ് കളിക്കാരെയുള്ളൂ, കാണികളില്ല

അനുശ്രീ

കോഴിക്കോട്: നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മൈതാനങ്ങളില്‍ എത്തുന്ന സര്‍ക്കസ് കമ്പനികളെ കാത്തിരുന്ന അവധിക്കാലത്തിന്റെ ഭൂതകാലമുണ്ടായിരുന്നു മലയാളിക്ക്. പല നിറങ്ങളിലുള്ള മിന്നല്‍ വെളിച്ചത്തില്‍ ആകാശത്ത് പറന്നു നടക്കുന്ന അഭ്യാസികളും കണ്ണഞ്ചിപ്പിക്കുന്ന വേഷവിധാനങ്ങളും കോമാളികളും സിംഹവും കടുവയും ആനയുമൊക്കെ കാണിക്കുന്ന സര്‍ക്കസുകളും അടങ്ങുന്ന കൂടാരക്കാഴ്ചകള്‍ കണ്ട് കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ശ്വാസം പിടിച്ചിരുന്നിരുന്നു.

കേരളത്തില്‍ സര്‍ക്കസിന്റെ ജന്മദേശം തലശ്ശേരിയാണ്. കാലം മാറി. വിനോദവ്യവസായത്തിന്റെ ഭൂരിഭാഗവും ഇലക്ട്രോണിക് മീഡിയകള്‍ കൈയടക്കിവെച്ചിരിക്കുന്ന ഈ കാലത്ത് സര്‍ക്കസിന്റെ പഴയ പ്രതാപം അതേ പടി നിലനില്‍ക്കുന്നുണ്ടോ എന്നത് സംശമാണ്. കലാരൂപം എന്ന നിലയിലും വ്യവസായം എന്ന നിലയിലും പ്രതിസന്ധിയിലാണ് സര്‍ക്കസ്.

വന്യമൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ കടുത്ത നിയന്ത്രണങ്ങള്‍ വന്നതും കലാകാരന്‍മാരുടെ കുറവും സാമ്പത്തിക മാന്ദ്യവും സര്‍ക്കസ് കൂടാരങ്ങളിലെ കസേരകളില്‍ കാണികളില്ലാതെയായി. ഒരു കാലത്ത് ആളുകളുടെ ഇഷ്ടവിനോദമായിരുന്ന സര്‍ക്കസ് പതിയെ അപ്രത്യക്ഷമാവാന്‍ തുടങ്ങിയെന്ന് വര്‍ഷങ്ങളായി ജംബോസര്‍ക്കസ് കമ്പനിയില്‍ കലാകാരനായും പരിശീലകനായും പ്രവര്‍ത്തിക്കുന്ന തലശ്ശേരി സ്വദേശി പനങ്കാവ് രവീന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഗ്രേറ്റ് ഈസ്റ്റേണ്‍ സര്‍ക്കസ്, ഓറിയന്റര്‍ സര്‍ക്കസ് , ജംബോസര്‍ക്കസ് റെയ്മന്‍ സര്‍ക്കസ് ജൂബിലി സര്‍ക്കസ് തുടങ്ങി അറുപതോളം സര്‍ക്കസുകള്‍ തുടക്കകാലത്ത് ഉണ്ടായിരുന്നെന്നും പലതിലും നിലനില്‍പ്പുണ്ടായിരുന്നില്ലെന്നും മറ്റ് രാജ്യങ്ങളില്‍ സര്‍ക്കാറുകള്‍ മുന്‍കൈ എടുത്ത് സര്‍ക്കസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഇവിടെ നിലനില്‍പ്പ് തന്നെ ഭീഷണിയിലാണെന്നും സര്‍ക്കസ് കമ്പനികള്‍ പറയുന്നു. സര്‍ക്കസ് കമ്പനികളുടെ ചരിത്രത്തെയും സാമ്പത്തിക വശത്തെയും കുറിച്ച് പനങ്കാവ് രവീന്ദ്രന്‍ സംസാരിക്കുന്നു.(വീഡിയോ)

അനുശ്രീ

ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ