ന്യൂദല്‍ഹി: മുസ്‌ലിം വ്യക്തി നിയമം അനുസരിച്ച് പുരുഷന്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വിവാഹ മോചനത്തില്‍(ത്വലാഖെ ഹസന്‍) പ്രഥമ ദൃഷ്ട്യ ഔചിത്യക്കുറവല്ലെന്ന് സുപ്രീം കോടതി. ത്വലാഖെ ഹസന്‍ പ്രഥമ ദൃഷ്ട്യ തെറ്റാണെന്ന് പറയാനാകില്ലെന്നും ത്വലാഖും മുത്വലാഖും ഒരു പോലെയല്ലെന്നും സുപ്രീം കോടതി പറഞ്ഞു.
അഡ്വ. അശ്വനി കുമാര്‍ ദുബെ മുഖേന മാധ്യമപ്രവര്‍ത്തകയായ ബേനസീര്‍ ഹിന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ജസ്റ്റിസുമാരായ സഞ്ജയ് കിഷാന്‍ കൗള്‍, എം.എം. സുന്ദരേശ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം.
പുരുഷന്‍മാര്‍ക്ക് ത്വലാഖെ ഹസന്‍ മുഖേനെ വിവാഹമോചനം ചെയ്യാന്‍ കഴിയുന്നത് പോലെ സ്ത്രീകള്‍ക്ക് ഖുല്‍അ്(ഖുല) പ്രകാരം വിവാഹമോചനം നടത്താനാകുമെന്നും കോടതി പറഞ്ഞു. രണ്ട് പേര്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ദാമ്പത്യം തിരിച്ചെടുക്കാനാകാത്ത വിധം തകരുന്ന ഘട്ടത്തില്‍ വിവാഹമോചനം അനുവദിക്കുന്നുണ്ട്.
പ്രഥമദൃഷ്ട്യാ ഹരജിക്കാരോട് യോജിക്കുന്നില്ല. പ്രഥമദൃഷ്ട്യാ ത്വലാഖേ ഹസന്‍ തെറ്റാണെന്നു പറയാനാകില്ല. ത്വലാഖ് വിഷയം മറ്റേതെങ്കിലും അജണ്ടയിലേക്ക് വഴിമാറാന്‍ താല്‍പര്യപ്പെടുന്നില്ലെന്നും കോടതി പറഞ്ഞു.