| Wednesday, 13th March 2019, 7:22 pm

'റഫാൽ രേഖകളുടെ പകർപ്പെടുത്തതും കുറ്റകരമാണ്': സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേന്ദ്ര സർക്കാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: റഫാൽ ഇടപാടുമായി ബന്ധപ്പെട്ട രേഖകൾ മോഷണം പോയതാണെന്ന് കാട്ടി കേന്ദ്ര സർക്കാർ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നൽകി. രേഖകളുടെ ഫോട്ടോകോപ്പിയാണ് പുറത്തായതെന്നും ദേശീയ സുരക്ഷാ നിയമം ലംഘിച്ച് രേഖകള്‍ ചോര്‍ത്തിയത് ആരെന്നു കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും സർക്കാർ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. നാളെയാണ് സത്യവാങ്മൂലം കോടതി പരിഗണിക്കുക.

Also Read “ദേവഗൗഡയ്ക്ക് 28 മക്കളുണ്ടായിരുന്നെങ്കിൽ 28 സീറ്റുകളിലും മത്സരിപ്പിച്ചേനെ”: ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരിഹസിച്ച് ബി.ജെ.പി. നേതാവ്

ചോർന്നത് രേഖകളുടെ പകർപ്പാണെങ്കിലും അത് മോഷണത്തിന്റെ പരിധിയിൽ തന്നെയാണ് വരികയെന്നും കേന്ദ്ര സർക്കാർ പറയുന്നു. സംഭവം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഗൂഢാലോചന നടത്തി രേഖകൾ തട്ടിയെടുത്തവർ പകര്‍പ്പ് ഉണ്ടാക്കിയതിനും രാജ്യത്തിൻറെ സുരക്ഷ സംബന്ധിച്ച വിവരങ്ങൾ ചോര്‍ത്തിയതിനും ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

രേഖകൾ മോഷണം പോയി എന്നാണ് തുടക്കത്തിൽ അറ്റോർണി ജനറലായ കെ.കെ. വേണുഗോപാൽ സുപ്രീം കോടതിയെ ധരിപ്പിച്ചത്. എന്നാൽ പിന്നീട്, രേഖകളുടെ പകർപ്പാണ് മോഷ്ടിക്കപ്പെട്ടതെന്ന് വേണുഗോപാൽ സുപ്രീം കോടതിയോട് പറഞ്ഞു. “ദ ഹിന്ദു ” പത്രം റഫാൽ ഇടപാടിലെ വിവരങ്ങളടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.

Also Read ഞങ്ങളുടെ ആദ്യ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് ഈ പരിപാടിയോടെ ബോധ്യപ്പെട്ടു; രാഹുലിന്റെ പരിപാടിക്ക് ശേഷം വിദ്യാര്‍ത്ഥിനികളുടെ പ്രതികരണം- വീഡിയോ

ഇതിൽ യു.പി.എ. കാലത്ത് വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചിരുന്നത് ബി.ജെ.പി.സർക്കാർ വിമാനങ്ങൾ വാങ്ങിയതിനേക്കാൾ ഏറെ ലാഭത്തിൽ ആയിരുന്നു എന്നും തെളിവുകളുടെ അടിസ്ഥാനത്തിൽ “ദ ഹിന്ദു” റിപ്പോർട്ട് ചെയ്തിരുന്നു. രേഖകള്‍ പുറത്തായതിനെ തുടര്‍ന്ന് കേസിലെ വാദം കേൾക്കുന്നത് മാർച്ച് 14ലേക്ക് സുപ്രീം കോടതി മാറ്റി വെച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more