| Sunday, 22nd July 2018, 8:33 pm

രാജസ്ഥാനില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായ ആളെ വൈകിയാണ് പൊലീസ് ആശുപത്രിയിലെത്തിച്ചതെന്ന് വെളിപ്പെടുത്തല്‍;  പശുക്കളെ കയറ്റിയയച്ച്, ചായകുടിച്ച്, പൊലീസ് സ്റ്റേഷനില്‍ പോയി വന്നതിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ആല്‍വറില്‍ ഗോരക്ഷകരുടെ മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട അക്ബറുദ്ദീനെ പൊലീസ് ആശുപത്രിയിലെത്തിച്ചത് വളരെ വൈകിയെന്ന് വെളിപ്പെടുത്തല്‍. നവല്‍ കിഷോര്‍ എന്ന സംഘപരിവാര്‍ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലനുസരിച്ച് എന്‍.ഡി.ടി.വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് അക്ബറുദ്ദീനെ പൊലീസ് 4 മണിക്കൂര്‍ കസ്റ്റഡിയില്‍ വെച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിനെ മുഴുവന്‍ സമയവും അനുഗമിച്ച കിഷോര്‍ എന്‍.ഡി.ടി.വിയോട് വെളിപ്പെടുത്തിയത് ഇങ്ങനെ.

അടിയേറ്റ് നിലത്ത് ചളിയില്‍ കുളിച്ചുകിടന്ന അക്ബറുദ്ദീനെ പൊലീസ് കുളിപ്പിച്ചു. പോകുന്ന വഴിക്ക് പൊലീസ് ആദ്യം കിഷോറിന്റെ വീടിന് സമീപം നിര്‍ത്തി. അക്ബറുദ്ദീന്റെ പശുക്കളെ സമീപത്തുള്ള ഗോശാലയിലേക്ക് കൊണ്ടുപോകാനുള്ള വാഹനം സംഘടിപ്പിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ഇതിനിടയില്‍ പൊലീസ് വാഹനത്തിനുള്ളില്‍ വെച്ച് അക്ബറുദ്ദീനെ മര്‍ദ്ദിക്കുന്നതും ജീവനുണ്ടോയെന്ന് ചോദിച്ച് തെറിവിളിക്കുന്നതും കണ്ടതായി കിഷോറിന്റെ ബന്ധുവുമായ പറയുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനം സംഘടിപ്പിച്ച ശേഷം പൊലീസുകാര്‍ പിന്നെ പോയത് ചായ കുടിക്കാനാണ്. പശുവുമായുള്ള വാഹനം കടന്നു പോയതിന് ശേഷം മാത്രമാണ് പൊലീസ് അവിടെ നിന്നും നീങ്ങിയത്. പിന്നീട് സ്റ്റേഷനിലേക്കാണ് പൊലീസ് അക്ബറുദ്ദീനെ കൊണ്ടുപോയത്. സ്‌റ്റേഷന് സമീപത്തായിരുന്നു ആശുപത്രിയെങ്കിലും 4 മണിയോടെയാണ് പൊലീസ് അങ്ങോട്ടു പോകാന്‍ തയ്യാറായത്.

ആശുപത്രിയിലെത്തും മുന്‍പ് അക്ബറുദ്ദീന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പ്രകാരം 12.41ന് പൊലീസിന് മര്‍ദ്ദനം നടക്കുന്നതായി വിവരം ലഭിച്ചിരുന്നെന്നാണ്. 1.15നും 1.20നും ഇടയിലായി പൊലീസ് സംഭവസ്ഥലത്തെത്തിയെന്ന് നവല്‍ കിഷോറും പറയുന്നു.

We use cookies to give you the best possible experience. Learn more