റിയാദ്: സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തെ പരിഹസിച്ച് സൗദി ഷൂറ കൗൺസിലിലെ അംഗമായ യൂസഫ് ബിൻ ട്രാഡ് അൽ-സാദൂൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രഈലികളെ അലാസ്കയിലേക്കും പിന്നീട് ഗ്രീൻലാൻഡിലേക്കും കൊണ്ടുപോകൂ എന്ന് അദ്ദേഹം വിമർശിച്ചു. നിയമനിർമാണ, നയപരമായ കാര്യങ്ങളിൽ രാജാവിന് ഉപദേശം നൽകുന്ന ഒരു കൺസൾട്ടേറ്റീവ് അസംബ്ലിയാണ് സൗദി ശൂറ കൗൺസിൽ.
സൗദി പത്രമായ ഒകാസിൽ എഴുതിയ ലേഖനത്തിലാണ് അൽ-സാദൂൺ, ട്രംപിന്റെ മിഡിൽ ഈസ്റ്റ് സമീപനത്തെ വിമർശിച്ചത്. മാധ്യമ സമ്മർദ്ദത്തിലൂടെയും രാഷ്ട്രീയ കുതന്ത്രങ്ങളിലൂടെയും സൗദി നേതൃത്വത്തെ കൈകാര്യം ചെയ്യുന്നതിൽ ‘സയണിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും’ പരാജയപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘അമേരിക്കയുടെ ഔദ്യോഗിക വിദേശനയം ഫലസ്തീനികളുടെ ഭൂമി നിയമവിരുദ്ധമായി കൈവശപ്പെടുത്താനും അവിടുത്തെ നിവാസികളുടെ വംശീയ ഉന്മൂലനത്തിനും ശ്രമിക്കുന്നതാണ്, ഇത് ഇസ്രഈലിന്റെ സമീപനമാണ്, ഇവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളായി കണക്കാക്കപ്പെടുന്നു. ‘സയണിസ്റ്റുകളും’ അവരുടെ പിന്തുണക്കാരും സൗദി നേതൃത്വത്തെയും സർക്കാരിനെയും മാധ്യമ കുതന്ത്രങ്ങളുടെയും വ്യാജ രാഷ്ട്രീയ സമർദങ്ങളിലൂടെയും കീഴ്പ്പെടുത്താൻ കഴിയില്ലെന്ന് മനസിലാക്കുക,’ അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച, ഇസ്രഈലിന്റെ ചാനൽ 14ന് നൽകിയ അഭിമുഖത്തിൽ ബെഞ്ചമിൻ നെതന്യാഹു സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സൃഷ്ടിക്കാൻ കഴിയും അവർക്ക് അവിടെ ധാരാളം ഭൂമിയുണ്ട് എന്ന് പ്രസ്താവിച്ചിരുന്നു.
ഫലസ്തീനെ സ്വതന്ത്ര രാജ്യമാക്കി മാറ്റാനുള്ള വഴികൾ കണ്ടെത്തിയാൽ മാത്രമേ ഇസ്രഈലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുകയുള്ളൂവെന്ന് റിയാദ് ആവർത്തിച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവന വന്നത്.
സൗദി അറേബ്യയിൽ ഒരു ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള നെതന്യാഹുവിന്റെ നിർദേശത്തെ ഫലസ്തീനും ഈജിപ്തും അപലപിച്ചു, ഇത് രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്ന് വിശേഷിപ്പിച്ചു.
‘ഇത് വംശീയവും സമാധാന വിരുദ്ധവുമാണ്. ഇത് സൗദി അറേബ്യയുടെ പരമാധികാരത്തിന്റെയും സ്ഥിരതയുടെയും നഗ്നമായ ലംഘനമാണ്. നെതന്യാഹുവിന്റെ പരാമർശങ്ങൾ അന്താരാഷ്ട്ര നിയമങ്ങളെയും കൺവെൻഷനുകളെയും അവഗണിക്കുന്നു. ഫലസ്തീൻ രാഷ്ട്രം ഫലസ്തീൻ ഭൂമിയിൽ മാത്രമേ ഉണ്ടാകൂ,’ ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷന്റെ (പി.എൽ.ഒ) സെക്രട്ടറി ജനറൽ ഹുസൈൻ അൽ-ഷൈഖ് പറഞ്ഞു.
Content Highlight: Take the Israelis to Alaska’, Saudi official mocks Netanyahu and Trump