മുംബൈ: കൊവിഡ് വ്യാപിക്കുന്ന മഹാരാഷ്ട്രയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ സംഘടിച്ചതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അതീവ ഗൗരവമേറിയ കാര്യമാണെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍. പ്രതിസന്ധിയുടെ ഘട്ടത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ചയാണ് മുംബൈ ബാന്ദ്രയില്‍ ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങണം എന്ന ആവശ്യമുന്നയിച്ച് പ്രതിഷേധിച്ചത്.
സംസ്ഥാനമൊന്നാകെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന ഈ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതില്‍നിന്നും ഒഴിഞ്ഞു നില്‍ക്കണമെന്നും പവാര്‍ ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘ബാന്ദ്ര സ്റ്റേഷന് പുറത്ത് ഇന്നലെ നിര്‍ഭാഗ്യകരമായ ഒരു സംഭവം നടന്നു. ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന അഭ്യൂഹം ആരോ പ്രചരിപ്പിക്കുകയും തൊഴിലാളികള്‍ അവിടെ തടിച്ചുകൂടുകയും ചെയ്തു. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമെന്താണെന്ന് വെച്ചാല്‍ അവരാരും സാമൂഹിക അകലം പാലിച്ചിരുന്നില്ല’, പവാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയമായി പോരാടാം. പക്ഷേ, എന്നാല്‍ പരസ്പരം അധിക്ഷേപിക്കാനുള്ള സമയമല്ല ഇത്. കേന്ദ്രത്തിലും സംസ്ഥാനത്തും ആരാണ് അധികാരത്തിലിരിക്കുന്നതെന്ന് ചിന്തിക്കേണ്ട സമയമല്ല ഇത്. കൊറോണ വൈറസിനെ തുരത്താന്‍ നമ്മള്‍ ഒന്നിച്ച് നില്‍ക്കേണ്ട സമയമാണ്’, പവാര്‍ പറഞ്ഞു.