| Sunday, 26th March 2017, 1:47 pm

എഡിറ്റിംഗ് എന്ന റണ്‍വേയില്‍ നിന്നും സംവിധാനമികവിലേക്കൊരു 'ടേക്ക് ഓഫ്'

ഡൂള്‍ന്യൂസ് ഡെസ്‌ക്


ചിത്രം: ടേക്ക് ഓഫ്
സംവിധാനം : മഹേഷ് നാരായണന്‍
നിര്‍മ്മാണം : ആന്റോ ജോസഫ്, ഷെബിന്‍ ബക്കര്‍
ഛായാഗ്രഹണം : സോനു ജോണ്‍


എഡിറ്റര്‍, രാജേഷ് പിള്ള ചിത്രം മിലിയുടെ തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായ മഹേഷ് നാരായണന്റെ ആദ്യ സംവിധാന സംരംഭമായ “ടേക്ക് ഓഫ്”സംവിധാനമികവു കൊണ്ടും പ്രമേയഭദ്രത കൊണ്ടും ശ്രദ്ധേയമാവുന്നുണ്ട്. യുവ ചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ പി.വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്ന് തിരക്കഥയൊരുക്കിയ ചിത്രം ഒരുപറ്റം നഴ്സുമാരുടെ കഥയാണ് പറയുന്നത്.

ട്രെയിലര്‍ നല്‍കിയ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഒട്ടും തല്ലിക്കെടുത്താത്ത വിധം സിനിമയൊരുക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ എന്നീ പേരുകള്‍ക്ക് മുമ്പേ തന്നെ പാര്‍വ്വതി തിരുവോത്ത് എന്ന പേര് ടൈറ്റില്‍ കാര്‍ഡില്‍ തെളിഞ്ഞത് തന്നെ ഒരു നായികാപക്ഷ സിനിമയാണ് ടേക്ക് ഓഫ് എന്ന സൂചനയായിരുന്നു. പാര്‍വ്വതി അവതരിപ്പിച്ച സമീറ എന്ന നഴ്‌സിന്റെ കഥയിലൂടെ ദൈവത്തിന്റെ മാലാഖമാര്‍ എന്നും “സിസ്റ്റര്‍മാര്‍” എന്നും വിളിപ്പേരുള്ള നഴ്‌സ് സമൂഹത്തിന്റെ മൊത്തം ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടു പലകയാവുന്നുണ്ട് ചിത്രം.

ഉറച്ച നിലപാടുകളുള്ള കുടുംബത്തിന്റെ സാമ്പത്തികപരാധീനതകള്‍ ഇല്ലാതാക്കാന്‍ സ്വന്തം ജീവിതത്തെ കുറിച്ചു പോലും ചിന്തിക്കാത്ത സമീറയുടെ പാത്ര നിര്‍മ്മിതിയാണ് ചിത്രത്തിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗവുമെങ്കിലും അതൊരു തരത്തിലും പ്രേക്ഷകനെ അലോസരപ്പെടുത്താത്ത വിധം കൈകാര്യം ചെയ്തിട്ടുണ്ട് മഹേഷും സംഘവും.

സമീറയെപ്പോലെ തന്നെ ആഴവും പരപ്പും ഉള്ള കഥാപാത്രങ്ങള്‍ ആയിരുന്നു കുഞ്ചോക്കോ ബോബന്‍ അവതരിപ്പിച്ച ഷാഹിദും ഫഹദിന്റെ മനോജ് എന്ന ഇറാഖിലെ ഇന്ത്യന്‍ അംബാസിഡര്‍ കഥാപാത്രവും. മൂന്നോ നാലോ സീനില്‍ മാത്രം വന്നു പോവുന്ന ആസിഫ് അലിയുടെ കഥാപാത്രവും പ്രകാശ് ബെലവാടിയുടെ കഥാപാത്രവും വരെ കഥാപാത്രങ്ങളുടെ സ്വത്ത്വം കൃത്യമായി വെളിപ്പെടുത്തുന്ന വിധത്തില്‍ തിരക്കഥയും സംഭാഷണവും ഒരുക്കാന്‍ ഷാജി കുമാറിനും മഹേഷ് നാരായണനും കഴിഞ്ഞിട്ടുണ്ട്.

2014ല്‍ ഇറാഖില്‍ കുടുങ്ങിയ 46 ഇന്ത്യന്‍ നഴ്സുമാരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും ഇറാഖിലെ ഇന്ത്യന്‍ എംബസിയുടെയും കൂട്ടായ ശ്രമത്തിലൂടെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തിച്ച സംഭവങ്ങളെ cinematic elemetn കള്‍ കൂട്ടിച്ചേര്‍ത്ത് അവതരിപ്പിക്കുമ്പോഴും ഒരിക്കലും അതിശയോക്തി കലര്‍ത്തിയെന്ന് തോന്നിപ്പിക്കുന്നില്ല എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വിജയം.

ഒപ്പം നായക കഥാപാത്രങ്ങളുടെ അതിമാനുഷിക ഇടപെടലുകളോടും പതിവ് ക്ലീഷേകളോടും(ഒരു പരിധി വരെ) അകലം പ്രാപിക്കാനും സംവിധായകന്‍ ശ്രദ്ധിച്ചിട്ടുണ്ട്. Nursing എന്ന തൊഴിലിന് ഇന്ത്യയിലും വിദേശത്തും ലഭിക്കുന്ന പരിഗണനയിലെ വ്യത്യാസം, Islamic State തീവ്രവാദികളുടെ സമൂഹത്തിനെതിരായുള്ള ഇടപെടലുകള്‍, രക്ഷാ പ്രവര്‍ത്തനത്തിനിടെ മരിച്ചു പോയാലും കുഴപ്പമില്ലെന്ന “നയതന്ത്ര യുക്തി”, വിവാഹ മോചിതയായ സ്ത്രീയുടെ ജീവിതം എന്നീ വര്‍ത്തമാന കാല യാഥാര്‍ഥ്യങ്ങളെ പരാമര്‍ശവിധേയമാക്കുന്നുണ്ട് ചിത്രത്തില്‍.

വാചകകസര്‍ത്തുകളില്ലാതെ തന്നെ സ്ത്രീപക്ഷത്ത് നിലയുറപ്പിക്കാന്‍ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നതും അഭിനന്ദനാര്‍ഹമാണ്.

അകാലത്തില്‍ ജീവന്‍ വെടിഞ്ഞ സംവിധായകന്‍ രാജേഷ് പിള്ളയോടുള്ള ആദരവായി അവതരിപ്പിച്ച സിനിമ വരും നാളുകളില്‍ ലോകത്തിനു മുന്നില്‍ മലയാള സിനിമയുടെ യശസ്സ് ഉയര്‍ത്തും എന്നുറപ്പാണ്, ഒപ്പം പാര്‍വ്വതിയുടെ “സമീറ” 2017ലെ മികച്ച അഭിനയത്തിനുള്ള അവാര്‍ഡിന് മറ്റു നടിമാര്‍ക്ക് ഒരു വെല്ലുവിളിയാവും എന്നതും. പാര്‍വ്വതിക്കൊപ്പം തന്റെ career best എന്നൊക്കെ വിളിക്കാവുന്ന അഭിനയപാടവവുമായി കുഞ്ചാക്കോ ബോബനും അതി ഭാവുകത്വമില്ലാതെ ഇന്ത്യന്‍ അംബാസിഡറുടെ role ഭംഗിയാക്കിയ ഫഹദും കൈയടി അര്‍ഹിക്കുന്നു.

ആദ്യ പകുതിയിലെ പാത്രസൃഷ്ടീ കേന്ദ്രീകൃതമായ ആഖ്യാനത്തിലും രണ്ടാം പകുതിയിലെ ത്രില്ലര്‍ സമാനമായ കഥാകഥനത്തിലും ഒരേ മികവോടെ മൂഡിനനുയോജ്യമായ വിധത്തില്‍ സംഗീതം, കാമറ, കളറിങ് എന്നിവ കൈകാര്യം ചെയ്തവരും നല്ല രീതിയില്‍ തന്നെ ചിത്രത്തിന്റെ മികവിന് സഹായം ചെയ്തിട്ടുണ്ട്.

We use cookies to give you the best possible experience. Learn more