അദ്വാനിയുടെ കണ്ണീരിന് വില വേണം: മോദി മറുപടി പറഞ്ഞില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെയെങ്കിലും പാര്‍ലമെന്റില്‍ വിളിച്ചുവരുത്തി മറുപടി പറയിക്കണം: ശിവസേന
Daily News
അദ്വാനിയുടെ കണ്ണീരിന് വില വേണം: മോദി മറുപടി പറഞ്ഞില്ലെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറെയെങ്കിലും പാര്‍ലമെന്റില്‍ വിളിച്ചുവരുത്തി മറുപടി പറയിക്കണം: ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th December 2016, 3:08 pm

shivsenamodi


പല കാര്യങ്ങളിലും മോദി വികാരാധീനനാകുന്നത് കാണാറുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അദ്വാനി പൊഴിച്ച കണ്ണുനീര്‍ കൂടി കാണണമെന്ന അഭ്യര്‍ത്ഥന അദ്ദേഹത്തോടുണ്ടെന്നും  ശിവസേന വ്യക്തമാക്കുന്നു.


ന്യൂദല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് സഖ്യകക്ഷിയായ ശിവസേന. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ തുടര്‍ച്ചയായി ഉണ്ടായ പാര്‍ലമെന്റ് സ്തംഭനത്തില്‍ അദ്വാനി പൊഴിച്ച കണ്ണീരിന് വിലയുണ്ടാകണമെന്ന് ശിവസേന പറഞ്ഞു. നോട്ട് വിഷയം ചര്‍ച്ച ചെയ്യാനായി പാര്‍ലമെന്റില്‍ പ്രത്യേക സെഷന്‍ തന്നെ കൊണ്ടുവരണമെന്നും ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്‌നയിലൂടെ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭീഷ്മ പിതാമഹനാണ് അദ്വാനി. രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ പ്രധാന്യം അര്‍ഹിക്കുന്നതാണ്. അദ്വാനി ഒരു കോണ്‍ഗ്രസ് നേതാവല്ല. കോണ്‍ഗ്രഹ് വിരുദ്ധ രാഷ്ട്രീയത്തിന്റെ മുന്‍പന്തിയിലാണ് അദ്ദേഹം നില്‍ക്കുന്നതെന്ന കാര്യം കൂടി മനസിലാക്കണം- ശിവസേന പറയുന്നു.

2014 മെയ്മാസത്തില്‍ മോദി അധികാരമേറ്റ ശേഷം ആദ്യമായി അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയപ്പോള്‍ പാര്‍ലമെന്റിന്റെ നിലത്ത് തലകുമ്പിട്ട് കണ്ണുനീര്‍ വാര്‍ത്തിരുന്നു. എന്നാല്‍ തമാശ അതല്ല, കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റി്‌ന്റെ ആത്മാവ് തന്നെ നഷ്ടപ്പെട്ടിരിക്കുയാണ്. അത് കണ്ണുനീര്‍പൊഴിക്കേണ്ട കാര്യമാണ്.

ജനങ്ങളുടെ ആശങ്കകള്‍ പങ്കുവെക്കാനും അത് പരിഹരിക്കാനുമുള്ള വേദിയാണ് പാര്‍ലമെന്റ്. എന്നാല്‍ പ്രതിപക്ഷം പല ചോദ്യങ്ങളും ഉയര്‍ത്തുന്നു. പാര്‍ലമെന്റ് അലങ്കോലപ്പെടുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ആകട്ടെ ഇതില്‍ നിന്നെല്ലാം ഓടിയൊളിക്കുകയാണ്. ഇതാണ് ഇപ്പോഴത്തെ ചിത്രം. – ശിവസേന ആരോപിക്കുന്നു.

അധ്വാനിച്ച പണത്തിനായി ജനങ്ങള്‍ ബാങ്കിനും എ.ടി.എമ്മിനും മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ കെട്ടുകണക്കിന് പുതിയ നോട്ടുകള്‍ പണക്കാരുടെ വീടുകളില്‍ നിന്നും പിടിച്ചെടുക്കുന്നു. എന്നിട്ടും ഈ വിഷയത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല.


നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മോദി മറുപടി പറയാന്‍ തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ഒരു പ്രത്യേക സെഷന്‍ വിളിച്ചുചേര്‍ക്കുകയും റിസര്‍വ് ബാങ്ക് ഗവര്‍ണറെ വിളിപ്പിച്ച് അദ്ദേഹത്തെ കൊണ്ട് മറുപടി പറയിക്കുകയും വേണം.

പല കാര്യങ്ങളിലും മോദി വികാരാധീനനാകുന്നത് കാണാറുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ അദ്വാനി പൊഴിച്ച കണ്ണുനീര്‍ കൂടി കാണണമെന്ന അഭ്യര്‍ത്ഥന അദ്ദേഹത്തോടുണ്ടെന്നും സാമ്‌നയിലെ എഡിറ്റോറിയയില്‍ ശിവസേന വ്യക്തമാക്കുന്നു.

തുടര്‍ച്ചയായുള്ള ലോക്സഭാസ്തംഭനം കാണുമ്പോള്‍ തനിക്ക് അംഗത്വം രാജിവെയ്ക്കാന്‍ തോന്നുന്നുവെന്നായിരുന്നു അദ്വാനി പറഞ്ഞത്.. സഭയുടെ സ്ഥിതികണ്ട് ദുഃഖം തോന്നുന്നെന്നും വാജ്പേയി സഭയിലുണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ദുഃഖിക്കുമായിരുന്നെന്നും അദ്വാനി പറഞ്ഞിരുന്നു. ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിനെത്തുടര്‍ന്ന് വ്യാഴാഴ്ച സഭ നിര്‍ത്തിവെച്ച ഉടനെയായിരുന്നു അസ്വസ്ഥനായ അദ്വാനി തന്റെ വികാരം പ്രകടിപ്പിച്ചത്. നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നേരത്തെയും ശിവസേന രംഗത്തെത്തിയിരുന്നു.