ഇസ്‌ലാമാബാദ്: തോഷഖാന കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്നെ ജയിലില്‍ നിന്നും പുറത്തിറക്കാന്‍ അഭിഭാഷകനോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. തനിക്ക് ജയിലില്‍ കഴിയേണ്ടെന്നും തന്നെ ഇവിടെ നിന്നും പുറത്ത് കൊണ്ടുപോകൂവെന്നും അദ്ദേഹം അഭിഭാഷകനോട് ആവശ്യപ്പെട്ടതായി ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
‘ എന്നെ ഇവിടെ നിന്നും പുറത്തിറക്കൂ, എനിക്ക് ജയിലില്‍ കഴിയേണ്ട,’ അറ്റോക്ക് ജയിലില്‍ കാണാനെത്തിയ അഭിഭാഷകനോട് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. തിങ്കളാഴ്ച ഖാന്റെ കൗണ്‍സല്‍ നയീം ഹൈദര്‍ പഞ്‌ജോതക്ക് ഇമ്രാനെ ജയിലിലെത്തി കാണാന്‍ അധികൃതര്‍ അനുമതി നല്‍കിയിരുന്നു. സി ക്ലാസ് ജയില്‍ സൗകര്യങ്ങള്‍ നല്‍കി വളരെ പരിതാപകരമായ അവസ്ഥയിലാണ് ഇമ്രാന്‍ ഖാനെ താമസിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹത്തെ കണ്ടതിന് ശേഷം നയീം പറഞ്ഞു.
ഇത്രയും ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടും ഇമ്രാന്‍ ഖാന്‍ വളരെ ആത്മധൈര്യത്തിലായിരുന്നെന്നും ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നാലും അടിമത്തത്തിന് വഴങ്ങില്ലെന്നും നയീം കൂട്ടിച്ചേര്‍ത്തു. ജയിലിലെ തന്റെ അവസ്ഥകളെ കുറിച്ച് ഖാന്‍ അഭിഭാഷകനുമായി സംസാരിച്ചതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ശനിയാഴ്ചയാണ് തോഷഖാന കേസില്‍ പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മൂന്ന് വര്‍ഷം തടവിന് വിചരണ കോടതി ശിക്ഷിച്ചത്. സമാന്‍ പാര്‍ക്ക് ഹൗസില്‍ നിന്നുമായിരുന്നു ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറ് മാസം കൂടി ജയിലില്‍ കഴിയേണ്ടി വരുമെന്നും കോടതി അറിയിച്ചിരുന്നു.
എന്നാല്‍ വിചാരണ കോടതി വിധിക്കെതിരെ ഇമ്രാന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പക്ഷപാതപരമായ വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും ഇത് ന്യായമായ നടപടിക്രമത്തിനും വിചാരണക്കും നേരെയുള്ള അടിയാണെന്നും ഹരജിയില്‍ അദ്ദേഹം ഉന്നയിച്ചു.
മുന്‍ധാരണകളുടെ അടിസ്ഥാനത്തിലാണ് വിചാരണ കോടതി ജഡ്ജി നിഗമനത്തില്‍ എത്തിയതെന്ന് ഹരജിയില്‍ ഖാന്‍ പറയുന്നു. വിചാരണ കോടതിയുടെ വിധി പക്ഷപാതപരമാണെന്നും റദ്ദാക്കണമെന്നും ഖാന്‍ ആവശ്യപ്പെട്ടു. ഹരജിക്കാരന് വാദിക്കാന്‍ അവസരം നല്‍കാതെയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഡിഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെക്ഷന്‍ ജഡ്ജ് ഹുമയുണ്‍ ദില്‍വാര്‍ അഭിഭാഷകന്‍ ഹാരിസിന്റെ വാദങ്ങള്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും ഹരജിയില്‍ പറയുന്നു.