'തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും': ഡി.എം.കെയ്ക്ക് അഴഗിരിയുടെ മുന്നറിയിപ്പ്
national news
'തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും': ഡി.എം.കെയ്ക്ക് അഴഗിരിയുടെ മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Aug 27, 12:57 pm
Monday, 27th August 2018, 6:27 pm

മധുര: തന്നെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഭീകരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും അന്തരിച്ച ഡി.എം.കെ നേതാവ് എം. കരുണാനിധിയുടെ മകനുമായ എം.കെ അഴഗിരി. ഡി.എം.കെയുടെ ജനറല്‍ ബോഡി യോഗം അടുത്ത ദിവസം ചേരാനിരിക്കേയാണ് അഴഗിരിയുടെ മുന്നറിയിപ്പ്.

കലൈഞ്ജര്‍ ഇനിയില്ലെന്നും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ സംരക്ഷിക്കാനാണ് തങ്ങള്‍ തിരികെ ഡി.എം.കെയിലെത്തണമെന്ന് ശഠിക്കുന്നതെന്നും അഴഗിരി മധുരയില്‍ മാധ്യമങ്ങളോടു പറഞ്ഞു. “ഞങ്ങളെ ഡി.എം.കെയില്‍ എടുക്കുന്നില്ലയെങ്കില്‍, അവര്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരും” അഴഗിരി പറയുന്നു.

ചില തല്‍പര കക്ഷികളാണ് കരുണാനിധി ഉണ്ടായിരുന്ന കാലത്ത് പാര്‍ട്ടിയിലേക്കുള്ള തന്റെ പുനഃപ്രവേശനം തടഞ്ഞതെന്നും അഴഗിരി അവകാശപ്പെടുന്നു. ഡി.എം.കെയുടെ ആചാര്യന്റെ അഭാവത്തില്‍ താന്‍ തുറന്നു സംസാരിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Also Read: നിങ്ങള്‍ക്ക് ഇന്ത്യയെ അറിയില്ല, ഇന്ത്യയെ അറിയാത്തവര്‍ക്ക് സംഘിനെയും മനസ്സിലാക്കാന്‍ സാധിക്കില്ല: രാഹുലിനോട് ആര്‍.എസ്.എസ്

 

പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിനും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനും 2014ലാണ് അഴഗിരിയെ കരുണാനിധി ഡി.എം.കെയില്‍ നിന്നും പുറത്താക്കുന്നത്. അതിനു ശേഷം മുഖ്യധാരയില്‍ നിന്നും മാറി കഴിയുകയായിരുന്നു അദ്ദേഹം.

പിതാവിനോടുള്ള സ്മരണാര്‍ത്ഥം സെപ്തംബര്‍ 5ന് മൗനജാഥ നടത്താനിരിക്കുകയാണ് അഴഗിരി. തന്റെ നേതൃത്വത്തില്‍ റാലി നടത്തണമെന്ന അണികളുടെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

“തമിഴ്‌നാട്ടില്‍ എല്ലായിടത്തുനിന്നുമെത്തുന്ന പ്രവര്‍ത്തകര്‍ റാലിയുടെ ഭാഗമാകും. എന്റെ നേതൃത്വത്തില്‍ കലൈഞ്ജര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനുള്ള അവരുടെ ആഗ്രഹത്തിനു പുറത്താണ് ഇത്തരമൊരു പരിപാടി നടത്തുന്നതു തന്നെ.” അഴഗിരി പറയുന്നു.

അടുത്ത ദിവസം തന്നെ സ്റ്റാലിനെ പാര്‍ട്ടി പ്രസിഡന്റായി ഉയര്‍ത്താനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് അഴഗിരിയുടെ ബദല്‍ നടപടി. സ്റ്റാലിന്‍ അയോഗ്യനാണെന്നും കലൈഞ്ജറിന്റെ വിശ്വസ്തരെല്ലാം തനിക്കൊപ്പമാണെന്നും, കരുണാനിധിയുടെ മരണത്തിനു ദിവസങ്ങള്‍ക്കകം തന്നെ അഴഗിരി അവകാശവാദം ഉന്നയിച്ചിരുന്നു.