| Thursday, 10th December 2020, 3:44 pm

കെ. സുരേന്ദ്രനെതിരെ നിയമനടപടി; സ്വപ്‌നയുടെ പശ്ചാത്തലം അറിഞ്ഞശേഷം ബന്ധപ്പെട്ടിട്ടില്ല: സ്പീക്കര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് ഒരു സഹായവും ചെയ്തിട്ടില്ലെന്നും ഇതിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്ന സുരേന്ദ്രനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും സ്പീക്കര്‍ പറഞ്ഞു.

സ്വപ്‌നയുമായി പരിചയമില്ല എന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ വിദേശത്ത് വെച്ച് സ്വപ്‌നയെകണ്ടിട്ടില്ല. സ്വപ്‌നക്കൊപ്പം വിദേശയാത്ര നടത്തിയിട്ടുമില്ല.  സ്വപ്‌ന തന്നോട് ഒരു സഹായവും ആവശ്യപ്പെട്ടിട്ടില്ല. തെറ്റ് ചെയ്യാത്തതിനാല്‍ രാജിവെക്കേണ്ടതില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

ഒരു തരത്തിലുള്ള സഹായവും സ്വര്‍ണക്കടത്ത് കേസ് പ്രതികളില്‍ നിന്ന് ഉണ്ടായിട്ടില്ല. എവിടെ നിന്നും കണ്ടിട്ടില്ല, സ്വപ്ന സുരേഷുമായി പരിചയം ഉണ്ട് സൗഹൃദമുണ്ട്, അവര്‍ യു.എ.ഇ കോണ്‍സുലേറ്റ് പ്രതിനിധിയെന്ന നിലയില്‍ പരിചിത മുഖമാണ്.

പശ്ചാത്തലം സംബന്ധിച്ച് അറിവു കിട്ടിയ ശേഷം ഒരുതരത്തിനും ബന്ധപ്പെട്ടിട്ടില്ല. ആരോപണങ്ങള്‍ ഉന്നയിച്ച കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ നിയമ നടപടി ആലോചിക്കേണ്ടിവരും. ഒരു ഏജന്‍സി അന്വേഷണം നടക്കന്നതിനാല്‍ അതെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്നും പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പറഞ്ഞു.

വിമര്‍ശനത്തിന് വിധേയനാകാന്‍ പാടില്ലാത്ത വിശുദ്ധപശു ആണെന്ന അഭിപ്രായമൊന്നും ഇല്ലെന്നും എന്നാല്‍ ഊഹാപോഹം വെച്ചു ഭരണഘടനാ സ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണം അല്ലെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണം തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഓഫീസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സ്വര്‍ണക്കടത്ത് പ്രതികളോടൊപ്പം സ്പീക്കര്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സ്പീക്കര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Take Legal Action Against K Surendran says P Sreeramakrishnan

We use cookies to give you the best possible experience. Learn more