Natonal news
'ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്'; വിശാഖപട്ടണത്തെ രാസ വാതക ചോര്‍ച്ചയില്‍ ജഗന്‍മോഹന്‍ റെഡ്ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 May 07, 06:35 am
Thursday, 7th May 2020, 12:05 pm

ഹൈദരാബാദ്: വിശാഖപട്ടണത്തെ പോളിമര്‍ കമ്പനിയില്‍ രാസ വാതക ചോര്‍ച്ച മൂലമുണ്ടായ അപകടം തരണം ചെയ്യാന്‍ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന്  ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി.

‘മുഖ്യമന്ത്രി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണ്. ജില്ലാ ഭരണകൂടത്തോട് ജീവന്‍ രക്ഷിക്കാനുള്ള എല്ലാ അടിയന്തര നടപടികളും സ്വീകരിക്കാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്,’ ആന്ധ്രാ മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു.

ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദിയും വിശാഖപട്ടണത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പ്രാര്‍ത്ഥിക്കുന്നതായും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതുവരെ വിഷവാതകം ശ്വസിച്ച് ആറ് പേര്‍ മരണപ്പെട്ടതായാണ് ഡി.ജി.പി ഗൗതം സവാങ് അറിയിച്ചിരിക്കുന്നത്. നിരവധി പേര്‍ കുഴഞ്ഞു വീണിരുന്നു. 200 ഓളം പേരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ആര്‍.ആര്‍ വെങ്കിടപുരത്ത് പ്രവര്‍ത്തിക്കുന്ന പോളിമെര്‍ ഫാക്ടറിയിലാണ് വ്യാഴാഴ്ച്ച പുലര്‍ച്ചെ വാതക ചോര്‍ച്ച ഉണ്ടായത്. സ്റ്റെറീന്‍ വാതകമാണ് ഫാക്ടറിയല്‍ നിന്ന് ചോര്‍ന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട് ഫാക്ടറി ബുധനാഴ്ച്ചയാണ് തുറന്നത്.

അഞ്ച് കിലോമീറ്റര്‍ ദൂരത്തിലധികം വിഷ വാതകം ചോര്‍ന്നിട്ടുണ്ട്. ഇരുപതോളം ഗ്രാമങ്ങള്‍ ഒഴിപ്പിക്കുകയാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.