സെക്രട്ടറിയേറ്റ് സംഘര്‍ഷം; നൂറോളം കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
Kerala News
സെക്രട്ടറിയേറ്റ് സംഘര്‍ഷം; നൂറോളം കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd July 2019, 10:53 pm

തിരുവനന്തപുരം: യൂത്ത് കേണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.
സെക്രട്ടറിയേറ്റും പരിസരവും സംഘര്‍ഷഭൂമിയാക്കി പ്രതിഷേധം നടത്തിയ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

15 കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കണ്ടാലറിയാവുന്ന 100 ല്‍ അധികം പ്രവര്‍ത്തകര്‍ക്കുമെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

യൂണിവേഴ്‌സിറ്റി കോളേജിലെ അക്രമസംഭവങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കെ.എസ്.യുവും നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയായിരുന്നു സംഘര്‍ഷം. മാര്‍ച്ച് അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

എട്ടുദിവസമായിട്ടും ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നിരാഹാര സമരപ്പന്തലില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

വന്‍ പൊലീസ് സന്നാഹത്തെയാണ് മാര്‍ച്ചിനെ നേരിടാന്‍ അണിനിരത്തിയത്. സമരക്കാര്‍ക്കു നേരെ ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തിരുന്നു.
പ്രവര്‍ത്തകര്‍ക്കും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ അടക്കം മൂന്ന് പൊലീസുദ്യോഗസ്ഥര്‍ക്കും സാരമായ പരിക്കേറ്റിരുന്നു. കല്ലേറിലാണ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റത്.