മോദിക്ക് വോട്ട് ചെയ്താല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്ന് മധ്യപ്രദേശ് ഗവര്‍ണ്ണര്‍; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
national news
മോദിക്ക് വോട്ട് ചെയ്താല്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിക്കുമെന്ന് മധ്യപ്രദേശ് ഗവര്‍ണ്ണര്‍; രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 10:43 am

ഭോപ്പാല്‍: വിവാദ പരാമര്‍ശം നടത്തിയ മധ്യപ്രദേശ് ഗവര്‍ണ്ണറുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിച്ചാല്‍ ഭാവിയില്‍ നിങ്ങള്‍ക്ക് ഒരുപാട് തൊഴില്‍ അവസരങ്ങള്‍ ലഭിക്കും എന്ന രാഷ്ട്രീയ പരാമര്‍ശമാണ് ഗവര്‍ണ്ണര്‍ അനന്ദിബെന്‍ പട്ടേലിനെ വിവാദത്തിലേക്ക് എത്തിച്ചത്.

“അനന്ദിബെന്‍ പട്ടേല്‍ ഒരു ഗവര്‍ണ്ണറാണ്. ഭരണഘടനാ പദവി അലങ്കരിക്കുന്ന വ്യക്തി എങ്ങനെയാണ് ഇത്തരം രാഷ്ട്രീയപരാമര്‍ശങ്ങള്‍ നടത്തുക. അവര്‍ക്ക് ഒരു ബി.ജെ.പി പ്രവര്‍ത്തകയായി പ്രവര്‍ത്തിക്കാനാണ് താല്‍പര്യമെങ്കില്‍ അവര്‍ രാജി വെച്ച് ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കട്ടെ.” കോണ്‍ഗ്രസ് മാധ്യമ ഉപദേഷ്ടാവ് ശോഭാ ഓസ പറഞ്ഞു.

ALSO READ : ചുണയുണ്ടെങ്കില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരൂ; ഇത് ബംഗാളാണ് മറക്കേണ്ട; മോദിയെ വെല്ലുവിളിച്ച് മമത

ഭോപ്പാലിലെ റേവ്വ സോളാര്‍ പ്ലാന്റ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു പട്ടേല്‍. പ്രദേശ വാസികളായ യുവാക്കള്‍ ജോലി സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോള്‍ മോദിയെ സംരക്ഷിക്കൂ എന്നായിരുന്നു പട്ടേലിന്റെ മറുപടി.

“ഭാവിയില്‍ നിങ്ങള്‍ക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാവും. പക്ഷെ അതിന് വേണ്ടി നിങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംരക്ഷിക്കണം.”പട്ടേല്‍ പറഞ്ഞു. സന്ദര്‍ശന സമയത്ത് ബി.ജെ.പി നേതാക്കളായ രാജേന്ദ്ര ശുക്ലയും കെ.പി തൃപതിയും ഗവര്‍ണ്ണറുടെ കൂടെ ഉണ്ടായിരുന്നു.

പട്ടേല്‍ മുന്‍പും വിവാദത്തില്‍ കുടുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എങ്ങനെ വോട്ട് ശേഖരിക്കണം എന്നതിനെ കുറിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെ ചൊല്ലിയും വിവാദം ഉയര്‍ന്നിരുന്നു.

നിങ്ങള്‍ക്ക് വോട്ട് ലഭിക്കണമെങ്കില്‍ കുട്ടികള്‍ ഉള്ള വീടുകള്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് അനുഗ്രഹം നല്‍കുകയും ചെയ്യണം. എന്നാലെ അവര്‍ നിങ്ങള്‍ക്ക് വോട്ട്‌നല്‍കു എന്നായിരുന്നു പട്ടേല്‍ പറഞ്ഞു.