രാഹുല്‍ ധീരനായ മനുഷ്യന്‍, നിങ്ങളെ ഒരിക്കലും കൈവിടില്ല; വയനാട്ടുകാരോട് പ്രിയങ്കാ ഗാന്ധി
D' Election 2019
രാഹുല്‍ ധീരനായ മനുഷ്യന്‍, നിങ്ങളെ ഒരിക്കലും കൈവിടില്ല; വയനാട്ടുകാരോട് പ്രിയങ്കാ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th April 2019, 2:50 pm

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി നിങ്ങളെ ഒരിക്കലും കൈവിടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. ഒരളവുവരെ ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യനാണെന്നും അദ്ദേഹത്തെ കാത്തുകൊള്ളണമെന്നും പ്രിയങ്ക പറഞ്ഞു.

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയോടൊപ്പം വയനാട്ടിലെത്തിയ പ്രിയങ്ക നാമനിര്‍ദേശപത്രിക നല്‍കിയതിനു പിന്നാലെ ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

Read Also : ഇതാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി “വികസിപ്പിച്ച” വാരാണസി; മോദിയുടെ വികസന അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടി ധ്രുവ് റാഠിയുടെ വീഡിയോ

Read Also : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; യുക്തിവാദി നേതാവ് സി.രവിചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്

“എന്റെ സഹോദരന്‍, എന്റെ വിശ്വസ്തനായ സുഹൃത്ത്, ഒരളവുവരെ ഞാന്‍ കണ്ട ഏറ്റവും ധീരനായ മനുഷ്യന്‍. അദ്ദേഹത്തെ കാത്തുകൊള്‍ക. അദ്ദേഹം നിങ്ങളെ ഒരിക്കലും കൈവിടില്ല” – രാഹുല്‍ നാമനിര്‍ദേശ പത്രിക നല്‍കുന്ന ചിത്ത്രോടൊപ്പം പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

കേരളത്തില്‍ മത്സരം സി.പി.ഐ.എമ്മും കോണ്‍ഗ്രസും തമ്മിലായിരിക്കാമെന്നും പക്ഷേ തന്റെ പോരാട്ടം ബി.ജെ.പിക്കെതിരെയാണെന്നുമായിരുന്നു വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

 

കേരളത്തില്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സി.പി.ഐ.എമ്മിലേയും കോണ്‍ഗ്രസിലേയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സി.പി.ഐ.എം എന്നെ ആക്രമിക്കണം. അത് ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഈ പ്രചരണത്തിനിടെ പറയില്ല. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മത്സരം. മോദി ഭരണത്തില്‍ ദക്ഷിണേന്ത്യ ഒറ്റപ്പെട്ട ഒരു പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു.

 

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് രാഹുല്‍ പത്രിക സമര്‍പ്പിച്ചത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് കളക്ട്രേറ്റില്‍ എത്തിയത്.

 

ഇന്നലെ രാത്രി കോഴിക്കോടെത്തിയ രാഹുലും പ്രിയങ്കയും രാവിലെ 11.15 ഓടെയാണ് ഹെലികോപ്ടര്‍ മാര്‍ഗം കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്തെത്തിയത്. തുടര്‍ന്ന് തുറന്ന ജീപ്പിലാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കല്‍പ്പറ്റ കളക്ടറേറ്റിലെത്തിയത്.