ന്യൂദല്‍ഹി: ചെന്നൈയില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ആശങ്കപ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
എല്ലാവരോടും എല്ലാ സുരക്ഷാനടപടികളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാപ്രവര്‍ത്തനം നടത്തണമെന്നും രാഹുല്‍ പറഞ്ഞു.
”ചെന്നൈയിലെ നിര്‍ത്താതെ പെയ്യുന്ന മഴ ആശങ്കാജനകമാണ്. സംസ്ഥാനത്തെ നമ്മുടെ സഹോദരങ്ങളോട് എല്ലാ സുരക്ഷാ നടപടികളും പാലിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. ദയവായി ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കുക,ടേയ്ക് കെയര്‍ ചെന്നൈ,” അദ്ദേഹം ട്വിറ്ററില്‍ എഴുതി.
അതേസമയം, തമിഴ്‌നാട്ടില്‍ കനത്തമഴ, കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് റദ്ദാക്കിയിട്ടുണ്ട്. ഉച്ചയ്ക്ക് 1.15 മുതല്‍ ആറുമണിവരെ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യില്ല. വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട വിമാനങ്ങള്‍ കൃത്യസമയം പാലിക്കുമെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലും ആറ് ജില്ലകളിലും കനത്ത മഴപെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: ‘Take care, Chennai’: Rahul Gandhi expresses concern over incessant rains in Tamil Nadu capital