ജറുസലേം: ആണവപദ്ധതികളുമായി മുന്നോട്ട് പോകുന്ന ഇറാനെതിരെ സൈനിക നടപടിയെടുത്തേക്കുമെന്ന് ഇസ്രയേല്‍. വിവാദ ആണവപദ്ധതിയുടെ പേരില്‍ പാശ്ചാത്യശക്തികള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക് സൂചിപ്പിച്ചു.
ഉപരോധം ഏര്‍പ്പെടുത്തിയിട്ടും ആണവപദ്ധതിയും യുറേനിയം സമ്പുഷ്ടീകരണവുമായി രാജ്യം മുന്നോട്ട് പോവുകയാണ്. ഉപരോധം ഏര്‍പ്പെടുത്തിയിട്ട് കാര്യമില്ലങ്കില്‍ സൈനിക നടപടി സ്വീകരിച്ചേ മതിയാവു.
കഴിഞ്ഞ ദിവസം ഇസ്രയേല്‍ സംഘം യു.എസ് അധികൃതരുമായി ഇറാന്റെ ആണവപദ്ധതികളെ കുറിച്ച് രഹസ്യ ചര്‍ച്ച നടത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇറാനെ ആക്രമിക്കുമെന്ന നിലപാടിലേക്ക് ഇസ്രയേല്‍ എത്തിയത്.
ആണവ പദ്ധതിയെ കുറിച്ച് കൂടുതല്‍ വെളിപെടുത്തണമെന്ന ആവശ്യവുമായി കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പെടുത്തിയിരിക്കുകയാണ്. ഉപരോധത്തെ പിന്തുണക്കണമെന്ന് റഷ്യയോടും ചൈനയോടും യൂറോപ്യന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ, ഇറാനെ ആണവായുധരാഷ്ട്രമായി വളര്‍ത്തില്ലെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരിസ് കഴിഞ്ഞ ദിവസം വ്യക്തമാക്കി.
Malayalam News