|

താജ്മഹലിന്റെ യഥാര്‍ത്ഥ പേര് തേജോ മഹല്യ; അത് ശിവക്ഷേത്രമായിരുന്നു: കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: താജ്മഹല്‍ നിര്‍മ്മിച്ചത് ഷാഹജഹാനല്ല മറിച്ച് രാജാ ജയസിംഹയായിരുന്നുവെന്ന് കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ. താജ്മഹഹല്‍ യഥാര്‍ത്ഥത്തില്‍ ശിവ ക്ഷേത്രമായിരുന്നെന്നും അതിന്റെ പേര് തേജോ മഹാല്യ എന്നായിരുന്നെന്നും കേന്ദ്ര മന്ത്രി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

“രാജാ ജയസിംഹയുടെ പക്കലില്‍ നിന്നും താജ്മഹല്‍ സ്ഥിതി ചെയ്യുന്ന സ്ഥലം താന്‍ വാങ്ങിയതാണെന്ന് ഷാജഹാന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. രാജാ പരമതീര്‍ത്ഥ നിര്‍മ്മിച്ച ശിവ് മന്ദിര്‍ ആയിരുന്നു അത്. അതിന്റെ പേര് തേജോ മഹല്യ എന്നായിരുന്നു. അത് പിന്നീട് താജ്മഹല്‍ എന്നാക്കുകയായിരുന്നു. താജ്മഹല്‍ നിര്‍മ്മിച്ചത് മുസ്‌ലിംങ്ങളല്ല”- ഹെഗ്ഡെ പറഞ്ഞു.

“നമ്മള്‍ ഉറക്കം തുടരുകയാണെങ്കില്‍ നമ്മുടെ വീടുകളെ അവര്‍ മസ്ജിദ് എന്നു വിളിക്കും. അവര്‍ നമ്മുടെ ദൈവമായ രാമനെ ജഹന്‍പാന എന്നും സിതയെ ബിബി എന്നും വിളിക്കും”- കേന്ദ്ര മന്ത്രി പറഞ്ഞു.

Also Read ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊട്ട കൈ പിന്നെ ഉണ്ടാവരുത്; വീണ്ടും വിവാദപ്രസ്താവനയുമായി കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെ

ഇതേ വേദിയില്‍ വെച്ച് ഹിന്ദു പെണ്‍കുട്ടികളെ തൊടുന്ന കൈകള്‍ വെട്ടിക്കളയണമെന്നും ആനന്ദ് കുമാര്‍ ഹെഗ്ഡെ പറഞ്ഞിരുന്നു. നേരത്തെ ബി.ജെ.പി അധികാരത്തില്‍ വന്നതിനു പിന്നാലെ ഭരണഘടന തിരുത്തുമെന്നും ഹെഡ്ഗെ അവകാശപ്പെട്ടിരുന്നു.

“നമ്മുടെ ചിന്തകളില്‍ അടിസ്ഥാനപരമായ ഒരു മാറ്റം ആവശ്യമാണ്. നമുക്കു ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ അറിയണം. ഒരു ഹിന്ദു പെണ്‍കുട്ടിയെ തൊടുന്ന കൈ പിന്നീട് അവശേഷിക്കാന്‍ പാടില്ല. അതിന് മതമോ ജാതിയോ നോക്കരുത്”- എന്നായിരുന്നു മന്ത്രി പറഞ്ഞത്.

മതേതരം എന്ന വാക്ക് ഇന്ത്യന്‍ ഭരണഘടനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി ഉടന്‍ തന്നെ ഭരണഘടന തിരുത്തുമെന്ന് 2017ല്‍ ആനന്ദ് പറഞ്ഞതും വിവാദമായിരുന്നു.

Video Stories