| Thursday, 21st January 2016, 10:16 pm

മതമൗലികവാദം തടയാനെന്ന പേരില്‍ താജിക്കിസ്ഥാനില്‍ 13000 മുസ്‌ലിംങ്ങളുടെ താടി വടിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

താഷ്‌കന്റ്: മതമൗലികവാദം തടയാനെന്ന പേരില്‍ താജിക്കിസ്ഥാനില്‍ 13000ത്തോളം മുസ്‌ലിം മതവിശ്വാസികളുടെ താടി നിര്‍ബന്ധപൂര്‍വ്വം വടിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തെ പോലീസ് മേധാവി പത്രസമ്മേളനം വിളിച്ചാണ് ഇക്കാര്യം പറഞ്ഞത്. മുസ്‌ലിം വസ്ത്രങ്ങള്‍ വില്‍ക്കുന്ന 160 കടകള്‍ അടപ്പിച്ചുവെന്നും ശിരോവസ്ത്രം ധരിക്കരുതെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്തിയെന്നും പോലീസ് പറഞ്ഞു. താജിക്കിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ കത്താലോണ്‍ മേഖലയിലാണ് പോലീസിന്റെ നടപടി.

മധേഷ്യയിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമാണ് താജിക്കിസ്ഥാന്‍. കഴിഞ്ഞ സെപ്തംബറില്‍ താജികിസ്താനിലെ ഇസ്‌ലാമിക രാഷ്ട്രീയ പാര്‍ട്ടി ഇസ്‌ലാമിക് റിനൈസന്‍സിനെ സുപ്രീംകോടതി നിരോധിച്ചിരുന്നു.

അറബി പേരുകള്‍ നിരോധിക്കുന്നതിനും  മാതൃപിതൃ സഹോദരപുത്രന്മാരെ വിവാഹം കഴിക്കുന്നത് തടയുന്നതിനും താജിക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ കഴിഞ്ഞയാഴ്ച വോട്ടെടുപ്പ് നടന്നിരുന്നു. ബില്ലിന് പ്രസിഡന്റ് എമോമലി റഹ്മോന്‍ അംഗീകാരം നല്‍കിയാലുടന്‍ നിയമം നടപ്പിലാകും. രാജ്യത്ത് മതേതരത്വം നടപ്പിലാക്കണമെന്ന നിലപാടുകാരനാണ് എമോമലി റഹ്മോന്‍.

1994 മുതല്‍ താജിക്കിസ്ഥാന്‍ പ്രസിഡന്റാണ് എമോമലി റഹ്മോന്‍. 2020ലാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ കാലാവധി അവസാനിക്കുക.

We use cookies to give you the best possible experience. Learn more