ന്യൂദല്‍ഹി: താജ്മഹലിനെതിരായ വാദങ്ങള്‍ കടുപ്പിച്ച് ബി.ജെ.പി നേതൃത്വം. ജയ്പൂര്‍ രാജാവിന്റെ കൈയ്യില്‍ നിന്നും ഷാജഹാന്‍ തട്ടിയെടുത്ത സ്ഥലത്താണ് താജ്മഹല്‍ പണിതതെന്ന മുതിര്‍ന്ന ബി.ജെ.പി നേതാവ് സുഹ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ബി.ജെ.പി നേതാക്കളായ സംഗീത് സോമിന്റെയും വിനയ് കത്യാറുടെയും പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ രംഗപ്രവേശം.
“താജ്മഹല്‍ നിര്‍മ്മിച്ചിരിക്കുന്ന സ്ഥലം ജയ്പൂര്‍ രാജാവിന്റേതായിരുന്നു. മുഗള്‍ ഭരണാധികാരിയായ ഷാജഹാന്‍ ഇത് തട്ടിയെടുക്കുകയാണുണ്ടായത് അദ്ദേഹം പറഞ്ഞു.” “താജ്മഹല്‍ നില്‍ക്കുന്ന ഭൂമി വില്‍ക്കാന്‍ ജയ്പൂര്‍ രാജാവിനെ ഷാജഹാന്‍ നിര്‍ബ്ബന്ധിതനാക്കുകയായിരുന്നു. ഇതിന് പകരമായി 40 ഗ്രാമങ്ങള്‍ ജയ്പൂര്‍ രാജാവിന് ഷാജഹാന്‍ നല്‍കി. ഈ ഭൂമിയുടെ മൂല്യവുമായി ഒരുവിധത്തിലും താരതമ്യം ചെയ്യാന്‍ കഴിയാത്ത ഗ്രാമങ്ങളാണ് പകരം നല്‍കിയത്.” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇതിന്റെ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട ഇദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അത് നല്‍കുമെന്നും പറഞ്ഞു. “ഈ ഭൂമിയില്‍ ഒരു ക്ഷേത്രം നിലനിന്നിരുന്നുവെന്നും രേഖകളുണ്ട്. എന്നാല്‍ ഈ അമ്പലം പൊളിച്ചിട്ടാണോ താജ്മഹല്‍ പണിതതെന്ന് വ്യക്തമല്ല” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
എന്നാല്‍ താജ്മഹല്‍ തകര്‍ക്കാന്‍ ബി.ജെ.പിക്ക് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ താജ്മഹല്‍ തേജോമഹാലയയെന്ന ശിവക്ഷേത്രമാണെന്ന വാദവുമായി ബി.ജെ.പി നേതാവ് വിനയ് കത്യാറും രംഗത്തെത്തിയിരുന്നു. താജ്മഹല്‍ നിര്‍മിക്കാനായി ഷാജഹാന്‍ ക്ഷേത്രം തകര്‍ക്കുകയായിരുന്നുവെന്ന് പറഞ്ഞ വിനയ് കത്യാര്‍ താന്‍ താജ്മഹല്‍ തകര്‍ക്കണമെന്ന് ആവശ്യപ്പെടുകയല്ലെന്നും പറഞ്ഞിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു അപമാനമാണെന്ന പ്രസ്താവനയുമായി മറ്റൊരു ബി.ജെ.പി നേതാവ് സംഗീത് സോം രംഗത്തെത്തിയത്.