ലക്‌നൗ: താജ്മഹല്‍ വഖഫ് ബോര്‍ഡിനു കൈമാറണമെന്ന് യു.പി ന്യൂനപക്ഷ വകുപ്പ് മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസംഖാന്‍. സംസ്ഥാനത്തിന്റെ വഖഫ് ബോര്‍ഡ് വകുപ്പ് മന്ത്രികൂടെയാണ് അസം ഖാന്‍. മുസ്‌ലിംങ്ങളായ രണ്ട് പേരുടെ ശവകുടീരമായതിനാല്‍ താജ്മഹലിന് മേല്‍ വഖഫ് ബോര്‍ഡിന് നിയമാധികാരം ഉണ്ടെന്നാണ് ഖാന്‍ പറഞ്ഞിരിക്കുന്നത്.
താജ്മഹലില്‍ നിന്ന് ലഭിക്കുന്ന വരുമാനം പാവങ്ങളായ മുസ്‌ലിംങ്ങളെ സഹായിക്കാനും അവരുടെ വിദ്യഭ്യാസത്തിന് ഉപയോഗിക്കണമെന്നും അസം ഖാന്‍ പറഞ്ഞു. താജ്മഹലില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ട് വഖഫ് ബോര്‍ഡിന് ചുരുങ്ങിയത് രണ്ട് സര്‍വകലാശാലകളെങ്കിലും നടത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അസം ഖാന്‍ തെറ്റിദ്ധാരണ പരത്തരുതെന്നാണ് ബി.ജെ.പി നേതാവ് ഷാനവാസ് ഹുസൈന്‍ ഇതിനോട് പ്രതികരിച്ചത്. താജ്മഹലിനെ രാഷ്ട്രീയവത്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഒരു ഭരണാധികാരിക്കും പൊതു മുതല്‍ ഉപയോഗിച്ച് തന്റെ കാമുകിയുടെ പേരില്‍ സ്മാരകം പണിയാന്‍ അവകാശമില്ലെന്ന് താജ്മഹലിനെക്കുറിച്ച് അസം ഖാന്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു.