| Wednesday, 31st August 2022, 4:35 pm

താജ്മഹല്‍ തേജോ മഹാലയ ആക്കണം; ബി.ജെ.പിയുടെ ആവശ്യത്തില്‍ ചര്‍ച്ചക്ക് തയ്യാറെന്ന് ആഗ്ര മുന്‍സിപ്പല്‍ കോര്‍പറേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: താജ്മഹലിന്റെ പേരുമാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് ആഗ്ര മുനിസിപ്പല്‍ കോര്‍പറേഷന്‍. താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നാക്കി മാറ്റണമെന്ന ബി.ജെ.പിയുടെ ആവശ്യമാണ് കോര്‍പറേഷന്‍ അംഗീകരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരിക്കും വിഷയത്തില്‍ ചര്‍ച്ച നടക്കുക. താജ്ഗഞ്ച് വാര്‍ഡിലെ ബി.ജെ.പി കൗണ്‍സിലര്‍ ശോഭാറാം റാത്തോറാണ് വിഷയം ചര്‍ച്ച ചെയ്യണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്.

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പത്നിയായ മുംതാസിന്റെ ഓര്‍മയ്ക്കായി നിര്‍മിച്ചതാണ് താജ്മഹല്‍. ഇതിന്റെ പേര് മാറ്റണമെന്ന ആവശ്യം സംഘ്പരിവാര്‍ സംഘടനകള്‍ നേരത്തെ ഉന്നയിച്ചിരുന്നു.

ശിവലിംഗ പ്രതിഷ്ഠയുള്ള തേജോ മഹാലയ എന്ന ക്ഷേത്രം തകര്‍ത്താണ് ഷാജഹാന്‍ ശവകുടീരം നിര്‍മിച്ചതെന്നാണ് ഹിന്ദുത്വസംഘടനകളുടെ വാദം. എന്നാല്‍ താജ്മഹലിന് അകത്ത് ശിവക്ഷേത്രമുണ്ടെന്ന വാദത്തിന് തെളിവില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഹിന്ദുത്വ വാദികളുടെ അവകാശവാദങ്ങള്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും തള്ളിയിരുന്നു.

അതേസമയം മുനിസിപ്പല്‍ കോര്‍പറേഷന് താജ്മഹലിന്റെ പേരു മാറ്റാനുള്ള അധികാരമില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. താജ്മഹലിന്റെ പുരാവസ്തു പ്രാധാന്യം കണക്കിലെടുത്ത് പേര് അടക്കമുള്ള കാര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ്. സ്മാരകങ്ങളുടെ പേരു മാറ്റാനുള്ള അധികാരം നിലവില്‍ കേന്ദ്രസര്‍ക്കാരിനാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷന്‍ നിര്‍ദേശം പാസായാല്‍ രേഖകളിലെല്ലാം താജ്മഹലിന്റെ പേര് തേജോ മഹാലയ എന്നായി മാറും.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തുകയും കൂടുതല്‍ വരുമാനം ലഭിക്കുകയും ചെയ്യുന്ന ചരിത്ര സ്മാരകമാണ് താജ്മഹല്‍. 2019-2022 കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയില്‍ നിന്നു മാത്രം 132 കോടി രൂപ ലഭിച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

1632ല്‍ പണി ആരംഭിച്ച് 1653-ല്‍ പൂര്‍ത്തിയാക്കി എന്നാണ് കണക്കാക്കപ്പെടുന്നത്. ഉസ്താദ് അഹമ്മദ് ലാഹോറിയാണ് താജ്മഹലിന്റെ പ്രധാന ശില്പി.

Content Highlight: Taj mahal’s name must be changed, agra muncipal corporation accepted the request, will discuss issue by nex week

We use cookies to give you the best possible experience. Learn more