ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഒന്നിനും കൊള്ളാത്ത ഭരണാധികാരിയാണ് യോഗിയെന്ന് രാഹുല്‍ പറഞ്ഞു. താജ്മഹലിനെ ഉത്തര്‍പ്രദേശിന്റെ ടൂറിസം ഭൂപടത്തില്‍ നിന്നു നീക്കിയതിനെതിരെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
“അന്ധകാരത്തിലേക്ക് നീങ്ങുന്ന ഒരു നഗരത്തിന്റെ ഉപകാരമില്ലാത്ത ഭരണാധികാരിയാണ് യോഗി ആദിത്യനാഥെന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്.
ഇന്നലെയായിരുന്നു താജ്മഹലിനെ ഒഴിവാക്കിയുള്ള ടൂറിസം ഭൂപടം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ടൂറിസം മന്ത്രി റീതാ ബഹുഗുണയാണ് ബുക്ലെറ്റ് പുറത്തിറക്കിയത്. യോഗി മുഖ്യപുരോഹിതനായ ഗോരഖ്പൂറിലെ ക്ഷേത്രമടക്കം ഈ പട്ടികയില്‍ ടൂറിസം കേന്ദ്രമായി അടയാളപ്പെടുത്തിയപ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയിരുന്നത്.
നേരത്തെ ബുക്‌ലെറ്റ് പുറത്തിറങ്ങിയതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് ന്യൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും ഹിന്ദു സംസ്‌ക്കാരങ്ങള്‍ അല്ലാത്തവയെ ഇല്ലായ്മ ചെയ്യാനുള്ള വ്യഗ്രതയുമാണ് ഇത് വെളിവാക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് രാജേന്ദ്ര ചൗധരി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്.