ന്യൂദല്‍ഹി: ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യയുടെ പ്രതീകമായി താജ്മഹലിനെ നിശ്ചയിച്ചതില്‍ സംഘപരിവാറിന്റെ പ്രതിഷേധം. താജ്മഹലിനെ മാത്രമാണോ ഇന്ത്യുടെ പ്രതീകമായി കിട്ടിയതെന്നും മറ്റ് രാജ്യങ്ങള്‍ അവരുടെ പ്രതീകമായി ജൂത-കൃസ്ത്യന്‍ പള്ളികളെ ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ കാര്യത്തില്‍ മോദി നിരാശപ്പെടുത്തിയെന്നും സംഘപരിവാര്‍ വൃത്തങ്ങള്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ പ്രതീകാത്മക കറന്‍സി അനാവരണം ചെയ്തിരുന്നു. ബ്രിക്‌സ് രാജ്യങ്ങളുടെ പതാകയും പ്രതീകാത്മക ചിത്രങ്ങളും ചേര്‍ത്താണ് കറന്‍സി തയ്യാറാക്കിയത്.
താജ്മഹലിനെ ഇന്ത്യുടെ പ്രതീകാത്മക ചിത്രമായി തെരഞ്ഞെടുത്ത നിലപാടിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗടില്യന്റെ ചിത്രം ഉപയോഗിക്കാമായിരുന്നുവെന്ന് ചില ഹിന്ദുത്വ സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്. അന്തിമ രൂപമല്ലാത്തതിനാല്‍ ഇനിയും മാറ്റാനുള്ള അവസരമുണ്ടെന്നും താജ്മഹലിന് പകരം ഏതെങ്കിലും ഹിന്ദു പ്രതീകങ്ങള്‍ ചേര്‍ക്കണമെന്നും സംഘടനകള്‍ ആവശ്യപ്പെടുന്നുണ്ട്.
ഹിന്ദു എക്‌സിസ്റ്റന്‍സ് എന്ന പേരിലും വിരാട് ഹിന്ദുസ്ഥാന്‍ സംഘം ദേശീയ ജനറല്‍ സെക്രട്ടറി ജഗദീഷ് ഷെട്ടിയുടെയും എക്‌സ് പോസ്റ്റിലൂടെയുമാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്.
താജ്മഹലിന് പകരം ഓം, അശോകചക്രം, ഗണപതി-ലക്ഷ്മി വിഗ്രഹങ്ങള്‍, കൊണാര്‍ക് സൂര്യക്ഷേത്രം എന്നിവ പ്രതീകങ്ങളാക്കി ഉപയോഗിക്കാമായിരുന്നില്ലെയെന്നും മോദിയുടെ തീരുമാനം നിരാശപ്പെടുത്തിയെന്നുമാണ് ജഗദീഷ് ഷെട്ടി എക്‌സില്‍ കുറിച്ചത്.
കസാനില്‍ നടന്ന 16ാമത് ഉച്ചകോടിയില്‍ പുറത്തിറക്കിയ കറന്‍സി യു.എസിന്റെ ഡോളര്‍ ആധിപത്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. ബ്രിക്‌സ് കറന്‍സി പൂര്‍ണമായും നിരസിക്കപ്പെടേണ്ടതല്ലെന്നും ബദലുകളാണെന്നുമാണ് പുടിന്‍ അഭിപ്രായപ്പെട്ടത്. ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്കിടയിലെ പ്രാദേശിക കറന്‍സി സെറ്റില്‍മെന്റുകള്‍ക്ക് വേണ്ടി വാദിക്കുന്നുവെന്ന് ഇന്ത്യയും അഭിപ്രായപ്പെട്ടു.
Content Highlight: Taj Mahal as symbol of India in BRICS currency; Criticized by supporters of Sangh Parivar