ബെയ്ജിങ്: ചൈനീസ് നഗരമായ ഷെന്‍ഷെനില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രം പകര്‍ത്തിയതിന് ജയിലിലായ തായ്‌വാന്‍ വ്യവസായി ലീ മെങ് ചുവിനെ മോചിതനാക്കി. 2019 ലായിരുന്നു ലീയെ ചാരവൃത്തി കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത്. 1400 ദിവസത്തിലേറെയായി രാജ്യത്ത് തടവിലായതിന് ശേഷമാണ് അദ്ദേഹം തായ്‌വാനിലേക്ക് മടങ്ങുന്നത്. തിങ്കളാഴ്ചയായിരുന്നു അദ്ദേഹത്തെ മോചിപ്പിച്ചത്. സ്വന്തം രാജ്യത്തേക്ക് മടങ്ങാനായി ബെയ്ജിങ് വിമാനത്താവളത്തില്‍ അദ്ദേഹം എത്തിയത് തായ്‌വാനീസ് പതാക പതിച്ച മാസ്‌ക് വെച്ചുകൊണ്ടായിരുന്നു.
ഇമിഗ്രേഷന്‍ നടപടികളെല്ലാം കഴിഞ്ഞപ്പോള്‍ താന്‍ കരഞ്ഞുപോയെന്നും ഇനി ചൈനയിലേക്കില്ലെന്നും അദ്ദേഹം ടോക്യോയിലെ ഹെനഡെ വിമാനത്താവളത്തില്‍ വെച്ച് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു.
2019 ല്‍ ആയിരുന്നു ഷെന്‍ഷെനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ പകര്‍ത്തിയതിന് ലീ ജലിലാകുന്നത്. ചാരവൃത്തി, രാജ്യത്തെ രഹസ്യങ്ങള്‍ ചോര്‍ത്തി എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു അറസ്റ്റ്. തുടര്‍ന്ന് 2021ല്‍ ജയില്‍ മോചിതനായെങ്കിലും ചൈന വിടുന്നത് തടഞ്ഞിരുന്നു.
2019 ല്‍ ജോലി യാത്രക്കിടെയായിരുന്നു ലീ ചൈന സന്ദര്‍ശിച്ചത്. ഒരു ടെക് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ലീ ചൈന സന്ദര്‍ശിക്കുന്ന സമയത്ത് ഹോങ്കോങ്ങില്‍ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയായിരുന്നു. ചൈനയിലേക്ക് പോകുന്നതിന് മുന്‍പായി താന്‍ അവിടെ നിന്ന് റാലികള്‍ കണ്ടെന്നും പിന്തുണച്ചുകൊണ്ടുള്ള ലഘുലേഖകള്‍ കൈമാറിയതായും ലീ പറഞ്ഞു. തുടര്‍ന്നായിരുന്നു സഹപ്രവര്‍ത്തകനെ കാണുന്നതിനായി ഷെന്‍ഷാനിലേക്ക് പോയത്.
ഷെന്‍ഷാനിലെ സ്‌റ്റേഡിയത്തില്‍ നൂറുകണക്കിന് പൊലീസുകാര്‍ ഒത്തുകൂടിയിരുന്നു. ഇത് ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ട ലീ സ്‌റ്റേഡിയത്തിലേക്ക് പോകുകയും ചില ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു. മറ്റുള്ളവരും ഇത്തരത്തില്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതായും പൊലീസ് വലയം ലംഘിച്ചിട്ടില്ലെന്നും ലീ പറയുന്നു.
ഷെന്‍ഷാനില്‍ നിന്നും മടങ്ങുമ്പോഴായിരുന്നു എയര്‍പോര്‍ട്ട് അധികൃതര്‍ ബിസിനിസ് ആവശ്യത്തിനായി കൊണ്ടുപോകുകയായിരുന്ന 10 ക്യാമറകള്‍ പരിശോധിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ലഗേജും ഫോണും പരിശോധിച്ചു. ഇതില്‍ നിന്നായിരുന്നു ലഘുലേഖയും ഫോട്ടോകളും കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. എന്നാല്‍ താനൊരു സ്‌പൈ അല്ലെന്നും ഒരു കാഴ്ചക്കാരനെന്ന നിലയില്‍ കൗതുകത്തില്‍ ഫോട്ടോ എടുക്കുകയാണ് ചെയ്തതെന്നും ലീ പറയുന്നു.
Content Highlight: Taiwanese Business man jailed in China for taking photos of police freed