തായ്‌പേയ് സിറ്റി: തായ്‌വാന്‍ കടലിടുക്കില്‍ സുരക്ഷ കാത്തുസൂക്ഷിക്കാന്‍ സഹായിച്ച യു.എസിന് നന്ദി പറഞ്ഞ് തായ്‌വാന്‍ സര്‍ക്കാര്‍.
തായ്‌വാന്റെ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ഔദ്യോഗികമായി യു.എസിന് നന്ദി പറഞ്ഞുകൊണ്ട് പ്രസ്താവനയിറക്കിയത്.
”തായ്‌വാന്‍ കടലിടുക്കിലും മേഖലയിലും സുരക്ഷയും സമാധാനവും നിലനിര്‍ത്താന്‍ ‘ശക്തമായ നടപടികള്‍’ സ്വീകരിച്ചതിന് അമേരിക്കയോട് ‘ആത്മാര്‍ത്ഥമായ നന്ദി” എന്നായിരുന്നു വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തുവിട്ടത്.
യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനത്തോട് ചൈന ‘ഓവര്‍ റിയാക്ട്’ ചെയ്തു എന്ന യു.എസ് ഇന്തോ- പസഫിക് കോര്‍ഡിനേറ്ററുടെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയായിരുന്നു യു.എസിന് നന്ദി പറഞ്ഞുകൊണ്ടുള്ള തായ്‌വാന്റെ പ്രസ്താവനയും പുറത്തുവന്നത്.
ചൈനയുടെ ഭാഗത്ത് നിന്നും തുടര്‍ച്ചയായുണ്ടായ മുന്നറിയിപ്പുകളും ഭീഷണികളും അവഗണിച്ച് കൊണ്ടായിരുന്നു ഓഗസ്റ്റ് രണ്ട് ചൊവ്വാഴ്ച വൈകീട്ട് നാന്‍സി പെലോസി തായ്‌വാനിലെത്തിയത്. യു.എസിന്റെ യുദ്ധ വിമാനങ്ങളുടെ കനത്ത സുരക്ഷാ അകമ്പടിയോടെയായിരുന്നു പെലോസി തായ്‌വാനില്‍ വിമാനമിറങ്ങിയത്.
പെലോസിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ചൈന തായ്‌വാനില്‍ യുദ്ധ വിമാനങ്ങള്‍ വിന്യസിച്ചിരുന്നു. യു.എസും പെലോസിക്ക് സുരക്ഷയൊരുക്കാന്‍ പ്രദേശത്ത് സൈന്യത്തെയും വ്യോമസേനയെയും വിന്യസിച്ചിരുന്നു. തായ്‌വാന്‍ കടലിടുക്കിലും ചൈനീസ് സൈന്യത്തെ പ്രതിരോധിക്കാന്‍ യു.എസ് സുരക്ഷയൊരുക്കിയിരുന്നു.
പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ തായ്വാനെ ചുറ്റിപ്പറ്റിക്കൊണ്ട് കടലില്‍ ചൈന സൈനിക അഭ്യാസം നടത്തിയിരുന്നു. നാല് ദിവസമായിരുന്നു കടലില്‍ ഫയര്‍ ഡ്രില്‍ അടക്കമുള്ള മിലിറ്ററി പ്രകടനം ചൈന നടത്തിയത്.