| Thursday, 24th December 2020, 1:36 pm

253 ദിവസത്തിന് ശേഷം തായ്‌വാനില്‍ ഒരാള്‍ക്ക് കൊവിഡ്; 'കാരണക്കാരനായ' പൈലറ്റിനെ പിരിച്ചുവിട്ടു, ലക്ഷങ്ങള്‍ പിഴ ചുമത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയ്: 253 ദിവസത്തിന് ശേഷം തായ്‌വാനില്‍ ഒരു കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. തായ്‌വാനിലെ ഇവ എയര്‍ലൈന്‍സിലെ പൈലറ്റായ ന്യൂസിലാന്‍ഡ് സ്വദേശിയില്‍ നിന്നാണ് തായ്‌വാന്‍ സ്വദേശിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഈ പൈലറ്റിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഡിസംബര്‍ മാസം തുടക്കത്തില്‍ പൈലറ്റിന് രോഗം ബാധിച്ചിരുന്നെന്നും എന്നാല്‍ ആ സമയത്ത് ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. തായ്‌വാനില്‍ തിരിച്ചെത്തുന്ന പൈലറ്റുമാര്‍ മൂന്ന് ദിവസത്തെ ക്വാറന്റീനില്‍ കഴിയുകയും തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ പരിശോധനക്ക് വിധേയമാകണമെന്നുമായിരുന്നു നിര്‍ദേശം. രോഗലക്ഷണങ്ങളില്ലാത്തതിനാല്‍ പൈലറ്റ് പരിശോധനക്ക് പോയിരുന്നില്ല. അതേസമയം യു.എസില്‍ നിന്നും തിരിച്ചു വരികയായിരുന്ന ഫ്‌ളൈറ്റില്‍ ഇയാള്‍ക്ക് ചുമയടക്കമുള്ള രോഗലക്ഷണങ്ങള്‍ കാണിച്ചിരുന്നതായും ഈ വിവരം മറച്ചു വെക്കുകയായിരുന്നെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഡിസംബര്‍ 20നാണ് പൈലറ്റിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. തായ്‌വാന്‍ സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൈലറ്റുമായുള്ള കോണ്‍ടാക്ട് മനസ്സിലായത്.

നിലവില്‍ കമ്പനിയോടും ഈ ദിവസങ്ങളില്‍ ബന്ധപ്പെട്ടവരോടും രോഗസംബന്ധമായ വിവരങ്ങള്‍ കൃത്യമായി അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ക്കെതിരെ എട്ട് ലക്ഷത്തോളം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലി സമയത്ത് ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും കോക്ക്പിറ്റില്‍ പോലും മാസ്‌ക് ധരിച്ചില്ലെന്നും ഇയാളെ പുറത്താക്കാന്‍ കാരണമായി കമ്പനി ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്ന യുവതിയെ കൂടാതെ തായ്‌വാന്‍ സ്വദേശിയായ ഒരു പൈലറ്റിനും ജപ്പാനില്‍ നിന്നുള്ള മറ്റൊരു പൈലറ്റിനും ഇയാളില്‍ നിന്നും രോഗം പടര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

പൈലറ്റിന്റെ പേരോ മറ്റു വിവരങ്ങളോ ഇവ എയര്‍ലൈന്‍സോ അധികൃതരോ പുറത്തുവിട്ടില്ല. അതേസമയം ഇവ എയര്‍ലൈന്‍സിന്റെ പ്രസ്താവനയില്‍ പൈലറ്റിനെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. ഒരു ജീവനക്കാരന്റെ പ്രവര്‍ത്തനം മഹാമാരിയെ തടയാനുള്ള എല്ലാവരുടെയും കൂട്ടായ ശ്രമത്തിന് വിള്ളല്‍ വീഴ്ത്തിയിരിക്കുകയാണ്. പൈലറ്റ് കമ്പനിയുടെ പേരിന് വലിയ കോട്ടം വരുത്തുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ പറയുന്നു.

കൊവിഡിനെ ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിച്ച രാജ്യങ്ങളിലൊന്നാണ് തായ്‌വാന്‍. ഇതുവരെ 777 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഏഴ് പേരാണ് കൊവിഡ് ബാധിതരായി മരിച്ചത്. തുടക്കത്തില്‍ തന്നെ അതിര്‍ത്തികള്‍ അടച്ചും കൊവിഡ് പ്രതിരോധ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുമാണ് തായ്‌വാന്‍ രോഗത്തെ പ്രതിരോധിച്ചത്. സര്‍ക്കാര്‍ നിര്‍ദേശം വരുന്നതിന് മുന്‍പ് തന്നെ ജനങ്ങള്‍ മാസ്‌ക് അടക്കമുള്ള പ്രതിരോധ രീതികള്‍ പാലിക്കാന്‍ സ്വയം സന്നദ്ധരായതും പ്രതിരോധം സുഗമമാക്കി.

ഇപ്പോള്‍ 253 ദിവസത്തിനു ശേഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതോടെ വീണ്ടും കര്‍ശന നിയന്ത്രണത്തിലേക്ക് രാജ്യം മാറിയിരിക്കുകയാണ്. ക്രിസ്മസ് – പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട പൊതുപരിപാടികളെല്ലാം തായ്‌വാന്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. പരമാവധി വീടുകളില്‍ തന്നെ കഴിയണമെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ മൂന്നാമത് സ്ട്രെയിന്‍ കൂടി ബ്രിട്ടണില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ബ്രിട്ടന്റെ ആരോഗ്യ സെക്രട്ടറിയായ മാറ്റ് ഹാന്‍കോക്കാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരിലാണ് മൂന്നാമത്തെ സ്ട്രെയിന്‍ വൈറസ് കണ്ടെത്തിയത്. ജനിതക മാറ്റം സംഭവിച്ച വൈറസിന്റെ മൂന്നാം സ്ട്രെയിന്‍ ബാധിച്ച രണ്ട് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തെന്ന് ഹാന്‍കോക്ക് പറഞ്ഞു. അതിനാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രണ്ടാം സ്ട്രെയിനെക്കാള്‍ പ്രഹരശേഷി കൂടിയതാണ് വൈറസിന്റെ മൂന്നാം വകഭേദമെന്നും അതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലോകത്ത് കൊവിഡ് വൈറസിന്റെ രണ്ടാം സ്‌ട്രെയിന്‍ കണ്ടെത്തിയത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബ്രിട്ടനു പുറമേ ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്റ്‌സ് തുടങ്ങിയ രാജ്യങ്ങളിലും വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Taiwan reports Covid after 253 days, Pilot dismissed from job

We use cookies to give you the best possible experience. Learn more