|

'പന്ത്രണ്ട് നില കെട്ടിടത്തിന്റെ ആദ്യ മൂന്നു നിലകള്‍ ഭൂമിയിലേക്ക് താഴ്ന്നിറങ്ങി'; തായ്‌വാന്‍ ഭൂചലനത്തിന്റെ വീഡിയോയും ചിത്രങ്ങളും കാണാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയി: തായ്‌വാനിലുണ്ടായ അതിശക്തമായ ഭൂചലനത്തിന്റെ വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഭൂചലനത്തിനിടയില്‍ പന്ത്രണ്ടു നില കെട്ടിടത്തിന്റെ ആദ്യ മൂന്നു നിലകള്‍ ഭൂമിക്കടിയിലേക്ക് താഴുന്ന അതി ഭീകര കാഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഭൂചലനത്തിനിടെയായിരുന്നു ക്യുവാന്‍ അപ്പാര്‍ട്ട്മെന്റ കേംപ്ലക്സ് നിലം പൊത്തിയത്.

റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനിടെ ക്യൂവാന്‍ അപ്പാര്‍ട്ട്‌മെന്റിന്റെ ഒന്നാംനില ഭൂമിക്കടിയിലേക്ക് താഴ്ന്നിറങ്ങുകയായിരുന്നു. പിന്നാലെ ബാക്കി രണ്ടു നിലകളും ആഴ്ന്നിറങ്ങി. കെട്ടിടം ഒരു വശത്തേക്ക് ചരിഞ്ഞ് വീഴകയും ചെയ്തു. ഈ സമയം നാലാം നിലയ്ക്കു മുകളിലേക്കു മാത്രം കാണാവുന്ന വിധത്തില്‍ ഭൂമിയിലേക്ക് താഴ്ന്നിരിക്കുകയായിരുന്നു കെട്ടിടം.

“ആദ്യം ഒന്നാം നില മാത്രമാണ് താഴ്ന്നിറങ്ങിയത്. പിന്നീട് രണ്ടു നിലകള്‍കൂടി താഴുകയും കെട്ടിടം ചരിയുകയുമായിരുന്നു.” മുപ്പത്തിയഞ്ചുകാരനായ ലു ചി സോന്‍ ഭൂചലനത്തെക്കുറിച്ച് പറയുന്നു. അപാര്‍ട്‌മെന്റ് കൂടാതെ കടകളും ഹോട്ടലുകളും അടങ്ങിയ കെട്ടിടത്തില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.

ഏതു നിമിഷവും നിലംപതിയ്ക്കാവുന്ന വിധത്തിലാണ് ഇപ്പോഴും കെട്ടിടമുള്ളത്. നിരവധി പേര്‍ ഇവിടെ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് പുറത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക കണക്കനുസരിച്ച് ഇതുവരെ ഏഴുപേര്‍ മരിച്ചു. 247 പേര്‍ക്കു പരുക്കേറ്റു. നിരവധി പേരെ കാണാതായിട്ടുണ്ട്. തൊള്ളായിരത്തോളം പേര്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ്. രണ്ടായിരത്തോളം വീടുകളില്‍ വൈദ്യുതിബന്ധം മുറിഞ്ഞു. ചെരിഞ്ഞു നിലംപതിക്കാറായ അവസ്ഥയിലുള്ള കെട്ടിടങ്ങളില്‍നിന്ന് അതീവ സാഹസികമായാണു രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

ഇന്നലെ രാത്രിയോടെയായിരുന്നു ഭൂകമ്പം. പ്രദേശികസമയം രാത്രി 11.50 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.