| Thursday, 25th August 2022, 7:36 pm

ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കെ റെക്കോഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാന്‍ തായ്‌വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയ് സിറ്റി: റെക്കോഡ് തുകയുടെ പ്രതിരോധ ബജറ്റ് പ്രഖ്യാപിക്കാനുള്ള പദ്ധതിയുമായി തായ്‌വാന്‍. ചൈനയുമായുള്ള സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രതിരോധ രംഗത്തെ ബൂസ്റ്റ് ചെയ്യുന്ന തായ്‌വാന്റെ നീക്കമെന്നതും ശ്രദ്ധേയമാണ്.

586.3 ബില്യണ്‍ ന്യൂ തായ്‌വാന്‍ ഡോളറിന്റെ (19.41 ബില്യണ്‍ ഡോളര്‍) ബജറ്റ് പ്രഖ്യാപിക്കാനുള്ള പദ്ധതിയാണ് ദ്വീപ് രാജ്യം അവതരിപ്പിച്ചത്.

ഓരോ വര്‍ഷവും സൈനിക- പ്രതിരോധ രംഗത്ത് ചെലവഴിക്കുന്ന തുകയില്‍ 13.9 ശതമാനത്തിന്റെ വര്‍ധനവുണ്ടാക്കാനാണ് നിര്‍ദ്ദിഷ്ട ബജറ്റിലൂടെ തായ്‌വാന്‍ പദ്ധതിയിടുന്നത്. പുതിയ ഫൈറ്റര്‍ ജെറ്റുകള്‍, മറ്റ് സൈനിക ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിന് വേണ്ടിയാണ് ഇത്.

ഇതോടെ രാജ്യത്തിന്റെ ആകെ ചെലവിന്റെ 15 ശതമാനവും നീക്കിവെച്ചിരിക്കുന്നത് പ്രതിരോധ മേഖലക്ക് വേണ്ടിയായിരിക്കും.

വ്യാഴാഴ്ച തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ (Tsai Ing-wen) നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ബജറ്റ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് പാര്‍ലമെന്റിന്റെ അപ്പ്രൂവല്‍ കൂടി ലഭിക്കേണ്ടതുണ്ട്.

യു.എസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ചൈനയുടെ ഭാഗത്ത് നിന്നും തായ്‌വാന്‍ അതിര്‍ത്തിക്ക് ചുറ്റും നിരന്തരമായി സുരക്ഷാ ഭീഷണികളുണ്ടായിരുന്നു. പെലോസി തായ്‌വാന്‍ വിട്ട ശേഷവും ചൈന തായ്‌വാന് ചുറ്റും ദിവസങ്ങളോളം സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തിയത് വലിയ വാര്‍ത്തയായിരുന്നു.

ഓഗസ്റ്റ് ആദ്യവാരമായിരുന്നു പെലോസിയുടെ തായ്‌വാന്‍ സന്ദര്‍ശനം. ഏഷ്യാ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു ഇത്. സന്ദര്‍ശനം അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.

നാന്‍സി പെലോസിക്ക് വലിയ സ്വീകരണമായിരുന്നു തായ്‌വാന്‍ നല്‍കിയിരുന്നത്. പെലോസിയുടെ സന്ദര്‍ശന സമയത്ത് യു.എസിന്റെ സൈനിക വിമാനങ്ങളും പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്നു.

Content Highlight: Taiwan announces record defence budget amid tensions with China

We use cookies to give you the best possible experience. Learn more